ഉത്തർപ്രദേശിൽ യുവാവിന് എല്ലാ ശനിയാഴ്ചയും പാമ്പുകടിയേൽക്കും; അന്വേഷണത്തിന് മൂന്നംഗ സംഘം
തുടർച്ചയായ പാമ്പുകടിയാൽ വലഞ്ഞ് യുവാവ്. എല്ലാ ശനിയാഴ്ചയുമാണ് ഇയാൾക്ക് പാമ്പിന്റെ കടിയേൽക്കുന്നത്. ഉത്തർപ്രദേശിലെ ഫത്തേപ്പുരിലാണ് വിചിത്രമായ സംഭവം. 40 ദിവസത്തിനിടെ ഏഴുതവണയാണ് വികാസ് ദുബേ എന്ന യുവാവിനെ പാമ്പ് കൊത്തിയത്. സംഭവം അന്വേഷിക്കാനായി മൂന്നംഗ വിദഗ്ധസംഘത്തിന് രൂപം നൽകിയതായി ചീഫ് മെഡിക്കൽ ഓഫീസർ രാജീവ് നയൻ ഗിരി പറഞ്ഞു.
'എല്ലാ ശനിയാഴ്ചയും ഒരാൾക്ക് പാമ്പിന്റെ കടിയേൽക്കുന്നുവെന്നത് വളരെ വിചിത്രമാണ്. ഇയാളെ പാമ്പ് തന്നെയാണോ കടിച്ചത് എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇയാളെ ചികിത്സിക്കുന്ന ഡോക്ടറുടെ ക്ഷമതയും പരിഗണിക്കേണ്ടതുണ്ട്. എല്ലാ ശനിയാഴ്ചയും പാമ്പുകടിയേൽക്കുന്ന ആളെ എല്ലാ തവണയും ഒരേ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു, ഒരുദിവസംകൊണ്ട് അയാൾക്ക് ഭേദമാകുന്നു. ഇത് വളരെ വളരെ വിചിത്രമാണ്.' -രാജീവ് നയൻ ഗിരി പറഞ്ഞു. 'അതുകൊണ്ടാണ് ഞങ്ങൾ സംഭവം അന്വേഷിക്കാനായി വിദഗ്ധസംഘം രൂപവത്കരിച്ചത്. മൂന്ന് ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധസംഘമാണ് ഇത് അന്വേഷിക്കുക. അന്വേഷണത്തിന് ശേഷം ഇതിന്റെ വസ്തുത ഞാൻ ജനങ്ങളോട് പറയും.' -അദ്ദേഹം കൂട്ടിച്ചേർത്തു.
'പാമ്പ് കൊത്തിയതിന്റെ ചികിത്സയ്ക്കായി ഒരുപാട് പണം ഇതിനകം ചെലവായെന്ന് പറഞ്ഞ് വികാസ് ദുബേ കളക്ടറേറ്റിൽ വന്നിരുന്നു. സർക്കാരിൽനിന്ന് സാമ്പത്തികസഹായം വേണമെന്ന് അയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ആന്റി-സ്‌നേക്ക് വെനം സൗജന്യമായി ലഭിക്കുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.' -മെഡിക്കൽ ഓഫീസർ രാജീവ് നയൻ ഗിരി പറഞ്ഞു.