മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം; ഡിസിസി അംഗം അറസ്റ്റിൽ

അർധരാത്രിയിലാണ് ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് 
 

പോങ്ങുംമൂട് ചേന്തിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗവും ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഡിസിസി അംഗം തടഞ്ഞത്. തുടർന്ന് കാറിൽനിന്നിറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സംഘാടകർ കയർക്കുകയും ചെയ്തിരുന്നു. 

വിളക്ക് കൊളുത്തിയശേഷം പോകണം എന്നു സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചപ്പോൾ ചേന്തി അനിൽ മുഖ്യമന്ത്രിയോടു കയർത്തു സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് ഇന്നലെത്തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അർധരാത്രിയോടെയാണ് ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്നു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.