അടുത്ത വർഷം ജൂലായിൽ യുകെയില്‍ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ​ഗെയിംസ് ഹോക്കിയിൽ നിന്നും ഇന്ത്യ പിൻമാറി


യു.കെ സര്‍ക്കാരിന്റെ 10 ദിന നിര്‍ബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങള്‍ കാരണമാണ് ഇന്ത്യന്‍ ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷന്‍ 
 

2022 ജൂലായില്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ പിന്മാറി.  ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അറിയിച്ചതാണ് ഇക്കാര്യം. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകൾ. ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് 2024-ലെ പാരിസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. അതിനാൽ അതിലേക്ക് കൂടുതൽ ശ്ര​ദ്ധ കൊടുക്കുക എന്നതാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്. 

യു.കെ സര്‍ക്കാരിന്റെ 10 ദിന നിര്‍ബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങള്‍ കാരണമാണ് ഇന്ത്യന്‍ ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യു.കെ അംഗീകാരം നല്‍കാത്തതും കാരണമായിട്ടുണ്ടാകാം.  രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണമെന്നാണ്  യു.കെ നിയമം.