മുംബൈ ടെസ്റ്റിൽ ഇന്ത്യക്ക് വൻ വിജയം; ന്യൂസിലൻഡിനെ തകർത്തത് 372 റൺസിന്
നാലാം ദിവസം ന്യൂസിലൻഡ് വാലറ്റം എത്രനേരം ഇന്ത്യൻ ബൗളിംഗിനെതിരെ പിടിച്ചു നിൽക്കുമെന്ന ചോദ്യത്തിന് മാത്രമെ ഉത്തരം കിട്ടാനുണ്ടായിരുന്നുള്ളൂ. ജയന്ത് യാദവിന്റെ ഓഫ്സ്പിൻ ആണ് രാവിലെ തന്നെ കിവികളെ കറക്കി വീഴത്തിയത്. 140ന് 5 എന്ന നിലയിൽ നിന്നും കളി തുടങ്ങിയ അവർക്ക് 22 റൺസ് ചേർക്കുന്നതിനിടയിൽ 18 റൺസെടുത്ത രചിൻ രവീന്ദ്രയെ നഷ്ടമായി. ജയന്തിന്റെ പന്തിൽ പുജാരയുടെ ക്യാച്ച്. തൊട്ടുപിന്നാലെ തന്നെ ജാമിസണും (0) സൗത്തിയും (0) സോമർവില്ലും (1) ജയന്തിന് മുന്നിൽ വീണു. അവസാനം വരെ പിടിച്ചു നിന്ന നിക്കോളാസിനെ (44) അശ്വിന്‍റെ പന്തില്‍ സാഹ സ്റ്റെപ് ചെയ്തു പുറത്താക്കി. ഇന്ത്യക്ക് 372 റൺസിന്‍റെ കൂറ്റന്‍ വിജയം. റണ്ണിന്‍റെ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത്. ഇതോടെ രണ്ട് ടെസ്റ്റ് അടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
ജയന്ത് യാദവും അശിനും നാല് വിക്കറ്റ് വീതം വീഴ്ത്തി. അക്ഷറിന് ഒരു വിക്കറ്റും കിട്ടി. സ്കോർ- ഇന്ത്യ 325 & 276/7 ന്യൂസിലന്‍ഡ് 62 & 167.
540 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കിവികൾക്ക് നായകൻ ടോം ലാതത്തെ(6) ഇന്നലെ ആദ്യമേ നഷ്ടമായിരുന്നു. അശ്വിൻ ആണ് വിക്കറ്റ് വീഴ്ത്തിയത്. അധികം വൈകാതെ യങ്ങിന്റെ(20) വിക്കറ്റും അശ്വിൻ വീഴ്ത്തി. എന്നാൽ ഡാരിൽ മിച്ചൽ ഒരറ്റത്ത് പിടിച്ചു നിന്നു. റോസ് ടെയ്‌ലർ (6) അശ്വിന് മുന്നിൽ വീണെങ്കിലും ഹെൻറി നിക്കോൾസിനെ കൂട്ടുപിടിച്ച് മിച്ചൽ സ്കോർ ഉയർത്തി . 60 റൺസ് എടുത്ത മിച്ചലിനെ അക്ഷർ വീഴ്ത്തി. ടോം ബ്ലണ്ടൽ റൺ എടുക്കും മുന്നേ റൺ ഔട്ട് ആയി. അജാസ് പട്ടേല്‍ രണ്ടിന്നിംഗ്സിലും പുറത്താകാതെ നിന്നു.
രണ്ട് ഇന്നിംഗ്സിലുമായി 14 ഇന്ത്യന്‍ വിക്കറ്റുകള്‍ ആണ് ആജാസ് പട്ടേല്‍ വീഴ്ത്തിയത്. മായങ്ക് അഗർവാള്‍ 212 റൺസും നേടി. മൂന്ന് വിക്കറ്റും 93 റണ്‍സുമായി അക്ഷര്‍ പട്ടേല്‍ ഓള്‍റൌണ്ട് മികവ് കാണിച്ചു. അശ്വിന്‍ രണ്ട് ഇന്നിംഗ്സിലുമായി 8 വിക്കറ്റ് വീഴ്ത്തി. ജയന്ത് യാദവിന് ആകെ 5 വിക്കറ്റാണ് കിട്ടിത്. ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ തോല്‍വി നേരിടേണ്ടി വന്നെങ്കിലും അജാസ് പട്ടേലിന്‍റെ പത്ത് വിക്കറ്റ് നേട്ടം ന്യൂസിലന്‍ഡിന് മധുരമുള്ള ഓർമ്മയായി. അതിനാല്‍ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ ജയമായിട്ടു കൂടി മുംബൈ ടെസ്റ്റ് ചരിത്രത്തില്‍ ഇടം പിടിക്കുക അജാസ് പട്ടേല്‍ എന്ന ന്യൂസിലന്‍ഡ് താരത്തിന്‍റെ പേരിലായിരിക്കും.
മായങ്ക് അഗർവാളാണ് കളിയിലെ താരം. അശ്വിനാണ് മാൻ ഓഫ് ദി സീരിസ്.