കാനഡയിലുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് ജാഗ്രതാ നിർദേശം 

 

ന്യൂഡൽഹി: കാനഡയിലുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം നൽകി. 

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജറിന്റെ കൊലപാതകത്തെ തുടർന്നാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. നിജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തു. ആരോപണം നിഷേധിച്ച ഇന്ത്യ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്ന് നിർദേശം നൽകുകയും ചെയ്തു. 

കഴിഞ്ഞ ജൂണിലാണ് ഹർദീപ് സിങ് നിജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവനായ ഹർദീപിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ കുറ്റാന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു മതപുരോഹിതനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹർദീപിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.