ഇന്ത്യയുടെ ആദ്യ സൗരദൗത്യം; ആദിത്യ എൽ 1 വിക്ഷേപിച്ചു 

 

ഇന്ത്യയുടെ ആദ്യ സൗര്യദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചു. രാവിലെ 11.50ന് ആദിത്യ എൽ വണ്ണുമായി പിഎസ്എൽവി C57 കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി വിക്ഷേപിച്ചത്. വിക്ഷേപണത്തിനായുള്ള 23 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.

സൂര്യനെക്കുറിച്ചുള്ള ഇന്ത്യയുടെ ദീർഘകാല പഠനത്തിന്റെ തുടർച്ചയാണ് ആദിത്യ എൽ1 ദൗത്യം. പേടകത്തെ 15 ലക്ഷം കിലോമീറ്റർ ദൂരത്തിലുള്ള ല​ഗ്രാഞ്ജിയൻ പോയിന്റിലെത്തിച്ചാണ് സൂര്യനെ തുടർച്ചയായി വീക്ഷിക്കുക. ഹാലോ ഓർബിറ്റിൽ സ്ഥിതി ചെയ്യുന്ന ല​ഗ്രാഞ്ജിയൻ പോയിന്റിൽ നിന്ന് സൂര്യനെ തടസ്സങ്ങളില്ലാതെ നിരീക്ഷിക്കാം. മറ്റ് ​ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ഒന്നും പേടകത്തിന് മുന്നിലൂടെ കടന്നു പോകില്ല. അവിടെ നിന്ന് വിവിധ പഠനങ്ങൾ നടത്താനാണ് ഇന്ത്യൻ ബഹിരാകാശ ​ഗവേഷണ സംഘടനയായ ഐഎസ്ആർഒ ഉദ്ദേശിക്കുന്നത്. അഞ്ച് വർഷവും 2 മാസവും നീണ്ടു നിൽ‌ക്കുന്നതാണ് ആദിത്യ എൽ‌1 ദൗത്യം.

ഭൗമോപരിതലത്തിലൂടെ സഞ്ചരിക്കുമ്പോൾ തരം​ഗങ്ങൾക്കുണ്ടാകുന്ന വ്യതിയാനം മറികടക്കാനാണ് 15 ലക്ഷം കിലോമീറ്റർ അകലെ പോയി പഠനം നടത്തുന്നത്. നാല് മാസം സമയമാണ് ല​ഗ്രാഞ്ചിയൻ പോയിന്റിലേക്കെത്താൻ എടുക്കുക. സൂര്യൻ വലിയ തോതിൽ ഊർജ്ജം പുറത്തുവിടുന്ന പ്രക്രിയയായ കോറാണൽ മാസ് ഇജക്ഷൻ, സൂര്യന് ചുറ്റുമുള്ള കാലാവസ്ഥ, സൂര്യന്റെ ബാഹ്യവലയമായ കൊറോണ എന്നിവയെക്കുറിച്ച് ദൗത്യം പഠിക്കും.ഏഴ് പേലോഡുകളാണ് ആദിത്യയിലുണ്ടാവുക. ഇതിൽ നാല് പേലോഡുകൾ സൂര്യനെ നേരിട്ടും മൂന്നെണ്ണം പേടകം സ്ഥിതി ചെയ്യുന്ന ഹാലോ ഓർബിറ്റിനെക്കുറിച്ചും പഠിക്കും.