ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരമായ 'ഇന്ദിരാ ഭവന്‍' തുറന്നു

 

 കോണ്‍ഗ്രസിന്റെ രാജ്യതലസ്ഥാനത്തെ പുതിയ ആസ്ഥാനമന്ദിരമായ 'ഇന്ദിരാ ഭവന്‍' മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച രാവിലെ ഒന്‍പതിനായിരുന്നു ഉദ്ഘാടനചടങ്ങ്. 'ഇന്ദിരാഭവൻ, 9 എ, കോട്ല മാർഗ്' എന്നതാണ് പുതിയ ആസ്ഥാനമന്ദിരത്തിൻ്റെ വിലാസം.


പുതിയമന്ദിരം തുറന്നതോടെ അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ പഴയ ബംഗ്ലാവ് ചരിത്രമായിരിക്കുകയാണ്. പഴയ ഓഫീസിലെ പാര്‍ട്ടി പതാക ചൊവ്വാഴ്ച വൈകീട്ടോടെ താഴ്ത്തിയിരുന്നു. ഇത് പുതിയ ഓഫീസില്‍ ഉയര്‍ത്തി. വന്ദേ മാതരവും ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് പുതിയ ആസ്ഥാനമന്ദിരത്തില്‍ പതാകയുയര്‍ത്തിയത്.

സോണിയാഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയും ചേര്‍ന്നാണ് പുതിയകെട്ടിടത്തിന്റെ നാട മുറിച്ചത്. രാഹുല്‍ ഗാന്ധി, മുന്‍ ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി വദ്ര, കെ.സി. വേണുഗോപാല്‍, പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.

കോട്ല മാര്‍ഗിന്റെയും ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിന്റെയും ഇടയിലുള്ള രണ്ടേക്കര്‍സ്ഥലത്ത് 2010-ലാണ് അത്യാധുനിക മന്ദിരത്തിന് സോണിയ തറക്കല്ലിട്ടത്. പാര്‍ട്ടിയുടെ സ്ഥാപകദിനമായ ഡിസംബര്‍ 28-ന് പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. എന്നാൽ, മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഉദ്ഘാടനം മാറ്റിവെയ്ക്കുകയായിരുന്നു.

ബുധനാഴ്ച നടന്ന ഉദ്ഘാടനചടങ്ങിൽ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, സംസ്ഥാന അധ്യക്ഷന്മാര്‍, നിയമസഭാകക്ഷി നേതാക്കള്‍, മുഖ്യമന്ത്രിമാര്‍, എം.പി.മാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.