അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം

 
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനികര്‍ മുഖാമുഖം എത്തിയതായി റിപ്പോര്‍ട്ട്

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനികര്‍ മുഖാമുഖം എത്തിയതായി റിപ്പോര്‍ട്ട്. അരുണാചലിലെ തവാങ് മേഖലയില്‍ കഴിഞ്ഞയാഴ്ചയാണ് സൈനികര്‍ മുഖാമുഖം എത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവം ഏറ്റുമുട്ടലിലേക്ക് നീങ്ങിയില്ലെന്നാണ് വിവരം. ഉത്തരാഖണ്ഡില്‍ ചൈനീസ് സൈന്യം കടന്നുകയറിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവം. നിയന്ത്രണരേഖ സംബന്ധിച്ച് നിലവിലുള്ള അനിശ്ചിതത്വമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഇരു വശത്തും നിയന്ത്രണ രേഖയുടെ അതിര്‍ത്തിയെന്ന് കരുതുന്ന പ്രദേശത്ത് സൈനികര്‍ പട്രോളിംഗ് നടത്തുകയാണ് ചെയ്യുന്നത്. ഇത്തവണ സൈനികര്‍ തമ്മിലുള്ള ബലാബലം മണിക്കൂറുകളോളം നീണ്ടു. എന്നാല്‍ സംഘര്‍ഷം ഏറ്റുമുട്ടലിലേക്ക് പോകാതെ കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഓഗസ്റ്റ് 30ന് ബരാഹോട്ടി മേഖലയില്‍ 100 ചൈനീസ് സൈനികര്‍ 5 കിലോമീറ്ററോളം കടന്നുകയറിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നന്ദാദേവി ബയോസ്ഫിയര്‍ റിസര്‍വിന് വടക്കുഭാഗത്തായിരുന്നു കടന്നുകയറ്റം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന് സുരക്ഷാ ചുമതലയുള്ള പ്രദേശത്തു നിന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ചൈനീസ് സൈന്യം പിന്‍വാങ്ങുകയായിരുന്നു. ചൈനീസ് അതിര്‍ത്തിയില്‍ ഏകദേശം 3500 കിലോമീറ്റര്‍ പ്രദേശത്താണ് ഇന്ത്യ ജാഗ്രത പാലിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ചൈനയുടെ 40 സൈനികരാണ് കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടായത്.