സത്യഭാമയ്‌ക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം; പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മിഷനും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു
കറുത്തനിറമുള്ള കലാകാരന്മാരെ അധിക്ഷേപിച്ച സംഭവത്തില്‍ നൃത്താധ്യാപിക സത്യഭാമക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം. 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മിഷന്‍ നിര്‍ദേശം നല്‍കി. പരാമര്‍ശങ്ങള്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് നടപടി.
സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. തന്നെക്കൂടി ഉദ്ദേശിച്ചാണ് പരാമര്‍ശങ്ങളെന്നു കാട്ടി ആര്‍.എല്‍.വി. രാമകൃഷ്ണനും പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ സത്യഭാമയുടെ പേരിലുള്ള മരുമകളുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസെടുത്ത സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തി.
എന്നാല്‍ ജാത്യധിക്ഷേപം നടത്തിയിട്ടില്ലെന്നാണ് സത്യഭാമ അവകാശപ്പെടുന്നത്. ചാനല്‍ പ്രവര്‍ത്തകര്‍ കുത്തിക്കുത്തി ചോദിച്ചപ്പോള്‍ താന്‍ പറഞ്ഞത് കടന്നുപോയതാകാമെന്നും സത്യഭാമ പറഞ്ഞു. നന്നായി കളിച്ചാലും തന്റെ ശിഷ്യരുള്‍പ്പെടെ കറുത്തനിറമുള്ള കുട്ടികള്‍ക്ക് സമ്മാനം ലഭിക്കാറില്ല. അതു കുട്ടികള്‍ക്ക് വിഷമം ഉണ്ടാക്കുമെന്നതിനാലാണ് മത്സരിക്കേണ്ടെന്ന് പറയുന്നതെന്നും സത്യഭാമ പറഞ്ഞു.