പതിനായിരം ക്ഷീരകർഷകർക്ക് പലിശ രഹിത വായ്പ നല്കും: എൻ.ഭാസുരാംഗൻ

 


തിരുവനന്തപുരം:  ക്ഷീര കർഷകർക്ക് ഫാമുകൾ ആരംഭിക്കുന്നതിനും പുതിയ ഉരുക്കളെ വാങ്ങുന്നതിനുമായുള്ള വായ്പാ പദ്ധതിയ്ക്ക് പിന്തുണയുമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ. തിരുവനന്തപുരത്ത് നടന്ന 37-ാം വാർഷിക പൊതുയോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗനാണ് വായ്പാ പദ്ധതിയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ക്ഷീരകർഷകർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. 2853 കോടി രൂപയുടെ ബജറ്റും പൊതുയോഗം അംഗീകരിച്ചു.

പതിനായിരത്തോളം ക്ഷീരകർഷകർക്ക് വിവിധ ബാങ്കുകൾ വഴി ലഭ്യമാക്കുന്ന വായ്പയുടെ മുഴുവൻ പലിശയും തിരുവനന്തപുരം മേഖലാ യൂണിയൻ വഹിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ പറഞ്ഞു. ഇതിനായി 2 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.  മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലെ ക്ഷീര കർഷകർക്ക് പലിശ രഹിത വായ്പ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
സൈലേജ് സബ്സിഡി പദ്ധതി, മൊബൈൽ വെറ്റിനറി ക്ലിനിക്ക് എന്നിവയ്ക്ക് വലിയ സ്വീകാര്യതയാണ് ക്ഷീര കർഷകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ഇവ വിപുലപ്പെടുത്തുന്നതോടൊപ്പം സർക്കാർ വകുപ്പുകളുമായി ചേർന്ന് എല്ലാ ക്ഷീര കർഷകർക്കും പ്രയോജനം ലഭ്യമാക്കുന്ന പ്രവർത്തനങ്ങളുമായി തിരുവനന്തപുരം മേഖലാ യൂണിയൻ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ മറുപടി നൽകി. പാൽ വില ചാർട്ടിലെ അപാകതകൾ പരിഹരിക്കുക, മുൻ ഭരണസമിതിക്ക് ചുമത്തിയിട്ടുള്ള സർച്ചാർജ്ജ് തുക എത്രയും വേഗം ഈടാക്കുക, മരണാനന്തര ധനസഹായത്തിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കുക എന്നിവ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങളും യോഗം പാസ്സാക്കി.

എണ്ണൂറിൽ അധികം സംഘം പ്രസിഡൻറുമാർ പങ്കെടുത്ത യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ വി.എസ്.പത്മകുമാർ, കെ.ആർ.മോഹനൻപിള്ള എന്നിവർ സംസാരിച്ചു. മാനേജിംഗ് ഡയറക്ടർ ഡി.എസ്.കോണ്ട റിപ്പോർട്ട് അവതരിപ്പിച്ചു.