ആണവകേന്ദ്രങ്ങളുടെ പരിസരത്ത് അയഡിൻ ഗുളികകൾ വിതരണം ചെയ്ത് ഇറാൻ
ആണവ നിലയങ്ങൾക്ക് സമീപം താമസിക്കുന്ന ജനങ്ങൾക്ക് ഇറാൻ അയഡിൻ ഗുളികകൾ വിതരണം ചെയ്യുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അയഡിൻ ഗുളികകൾ വിതരണം ചെയ്തെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. സൈനിക സംഘർഷങ്ങൾ രൂക്ഷമാകുമ്പോൾ ആണവനിലയങ്ങൾക്ക് 2 മുതൽ 3 കിലോമീറ്റർ വരെ ചുറ്റളവിൽ മുൻകരുതൽ എന്ന നിലയിൽ അയഡിൻ ഗുളികകൾ വിതരണം ചെയ്യാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആണവ വികിരണങ്ങളിൽനിന്ന് തൈറോയ്ഡ് ഗ്രന്ഥിയെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടിയായാണ് ഗുളികകൾ നൽകുന്നത്.
ആണവനിലയങ്ങൾക്കു നേരെ അമേരിക്കൻ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇറാൻ വിലയിരുത്തുന്നു. ഇറാനെതിരെ സൈനിക നടപടികൾ പുനരാരംഭിക്കണമെന്ന വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ സുരക്ഷാ സംഘവുമായി ചർച്ച നടത്തിയിരുന്നു. യുദ്ധം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.