‘വെടിനിർത്തലിനായി ഇറാൻ യാചിച്ചു; ഓപ്പറേഷൻ എപ്പിക് ഫ്യൂറി ചരിത്ര വിജയം’; യുഎസ് പ്രതിരോധ സെക്രട്ടറി
ഓപറേഷൻ എപിക് ഫ്യൂറി ചരിത്ര വിജയമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്ത്. വെടിനിർത്തലിനായി ഇറാൻ യാചിച്ചു. ഇറാൻ വെടിനിർത്തൽക്കരാർ അംഗീകരിച്ചത് ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണെന്ന് പീറ്റ് ഹെഗ്സത്ത് പറഞ്ഞു. യുദ്ധത്തിൽ ഇറാന് കനത്ത നഷ്ടം നേരിടേണ്ടി വന്നതായും പീറ്റ് ഹെഗ്സത്തും ജനറൽ ഡാൻ കെയിനും സംയുക്തവാർത്താസമ്മേളനത്തിൽ പറഞ്ഞു. 47 വർഷമായി അമേരിക്കയ്ക്ക് ഭീഷണിയായിരുന്ന ഇറാൻ ഇനി ഭീഷണിയല്ലെന്നും പീറ്റ് ഹെഗ്സത്ത് പറഞ്ഞു.
ഇറാന്റെ സൈന്യത്തെ തകർത്തെന്നും ലോകസമാധാനത്തിന്റെ വലിയ ദിനമാണിതെന്നും പീറ്റ് ഹെഗ്സേത്ത് പറഞ്ഞു. അമേരിക്കയുടെ നിർദേശങ്ങൾ നിരസിച്ചിരുന്നില്ലെങ്കിൽ ഊർജ കേന്ദ്രങ്ങൾ തകർക്കുമായിരുന്നു. ദശാബ്ദങ്ങൾ എടുത്ത് മാത്രമെ നഷ്ടം നികത്താൻ കഴിയുമായിരുന്നുള്ളുവെന്നും പീറ്റ് ഹെഗ്സേത്ത് കൂട്ടിച്ചേർത്തു. ഇറാന്‍റെ വ്യോമസേനയെ പൂർണമായും തുടച്ചുനീക്കി. അമേരിക്കൻ സൈന്യത്തിന്‍റെ പത്ത് ശതമാനത്തിൽ താഴെമാത്രമാണ് ഉപയോഗിച്ചത്. ഇറാന്‍റെ വ്യോമാക്രണം പൂർണമായും പ്രതിരോധിക്കാൻ കഴിഞ്ഞതായും അമേരിക്ക അവകാശപ്പെട്ടു.
48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ തച്ചുതകർക്കുമെന്ന ട്രംപിന്റെ പ്രസ്താവന വലിയ ആശങ്കകൾക്കാണ് ഇട നൽകിയിരുന്നത്. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ അഞ്ചരയ്ക്ക് അന്ത്യശാസനത്തിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പാണ് ഇറാനും അമേരിക്കയും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായത്. ഹോർമുസ് കടലിടുക്ക് തുറക്കുന്നപക്ഷം വെടിനിർത്തൽ ആകാമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് ഇറാൻ പച്ചക്കൊടി കാട്ടിയതോടെയാണ് യുദ്ധത്തിന് താൽക്കാലിക വിരാമമായത്.
ഇറാൻ മുന്നോട്ടുവച്ച 10 ഇന ആവശ്യങ്ങൾ പ്രായോഗികമാണെന്നും ചർച്ച ചെയ്യാമെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുമെങ്കിലും ഗതാഗതത്തിന്റെ നിയന്ത്രണം ഇറാൻ തുടരുമെന്നും യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇറാനെതിരെയുള്ള അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കണമെന്നും ആവശ്യങ്ങളിലുണ്ട്.