ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു. ഇറാൻ മാധ്യമങ്ങളാണ് ഖാംനഈയുടെ കൊലപാതകം സ്ഥിരീകരിച്ചത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അലി ഖാംനഈയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഖാംനഈയുടെ മരണം ട്രംപാണ് സമൂഹമാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. തുടർന്ന് താസ്നിം ഫാർസ് തുടങ്ങിയ വാർത്ത ഏജൻസികളും മരണം സ്ഥിരീകരിച്ച് രംഗത്തെത്തി. ഖാംനഈയുടെ മകളും മരുമകനും കൊച്ചുമകളും കൊല്ലപ്പെട്ടതായും ഇറാൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഖാംനഈയുടെ മരണത്തിൽ ഏഴ് ദിവസത്തെ അവധി ഇറാൻ സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടത്തും. ഖാംനഈയുടെ മരണം സ്ഥിരീകരിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇറാൻ മാധ്യമങ്ങൾ തയാറായിട്ടില്ല.
1981 മുതൽ 1989 വരെ ഇറാന്റെ പ്രസിഡന്റായിരുന്ന ഖാംനൗ 1989ലാണ് പരമോന്നത നേതാവാകുന്നത്. ഇറാന്റെ സൈനിക, അർധ സൈനിക വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ ഖാംനഈ മുഖ്യപങ്കുവഹിച്ചു. ഇറാഖുമായുള്ള യുദ്ധം നടക്കുമ്പോൾ ഖാംനഈയായിരുന്നു ഇറാന്റെ പ്രസിഡന്റ്. യു.എസ് പിന്തുണയോടെയാണ് അന്ന് ഇറാഖ് യുദ്ധം ചെയ്തത്. പിൽക്കാലത്ത് കടുത്ത അമേരിക്കൻ-പാശ്ചാത്യൻ വിരുദ്ധത ഖാംനഈയിൽ അടിയുറച്ച ഒരു വിശ്വാസമായി രൂപപ്പെടാൻ ഈ യുദ്ധം കാരണമായിരുന്നു.
ഖാംനഈ കൊല്ലപ്പെട്ടത് ഇറാന്റെ മാത്രമല്ല യു.എസിന്റെ കൂടി വിജയമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ ജനതക്ക് സ്വന്തം രാജ്യത്തെ തിരിച്ച് പിടിക്കാനുള്ള അവസരമാണിത്. ഇറാന്റെ ഐ.ആർ.ജി, മിലിറ്ററി, പൊലീസ് ഉൾപ്പടെയുള്ള മറ്റ് സുരക്ഷാസേനകൾ എന്നിവക്കെല്ലാം പോരാടാനുള്ള താൽപര്യം നഷ്ടപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. അവർ ഇറാനെ വീണ്ടെടുക്കാനുള്ള ദേശസ്നേഹികളുടെ ദൗത്യത്തിനൊപ്പം അവരും ചേരണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു.
അതേസമയം, ഖാംനഈയുടെ മരണത്തിന് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ആളുകൾ ഒത്തുകൂടുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖാംനഇൗയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് ഇറാൻ ജനത കൂട്ടത്തോടെ തെരുവുകളിലേക്ക് ഇറങ്ങുന്നത്. ഖാംനഈയുടെ കൊലപാതകത്തിന് പിന്നാലെ വീണ്ടും തെഹ്റാനിൽ നിന്ന് സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്.