നീറ്റ് പരീക്ഷയിലെ ക്രമക്കേട്; എൻടിഎയ്ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എൻടിഎക്ക് നോട്ടീസ് അയച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിൽ 0.01 ശതമാനം വീഴ്ച്ച ഉണ്ടായെങ്കിൽ പോലും നടപടി വേണമെന്ന് സുപ്രീം കോടതി പറഞ്ഞു.
പരീക്ഷയ്ക്ക് വിദ്യാർഥികൾ എടുത്ത കഠിനപ്രയത്‌നം മറക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പരീക്ഷ നടത്തിപ്പിൽ പിഴവുണ്ടായിട്ടുണ്ടെങ്കിൽ എൻടിഎ അത് തിരുത്താൻ തയ്യാറാകണം. എൻടി രണ്ടാഴ്ച്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ് എട്ടിന് ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു
നീറ്റ് യുജി പരീക്ഷയിലെ പാളിച്ചയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. നീറ്റ് യുജി പരീക്ഷാഫലം പുറത്തുവന്നതിനു പിന്നാലെ ഗ്രേസ് മാർക്ക് നൽകിയത് സംബന്ധിച്ചും വിവാദം ഉണ്ടായി. ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യിൽ 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേർ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്. ഹരിയാണയിലെ ഒരു സെന്ററിൽനിന്നുമാത്രം ആറുപേർക്ക് മുഴുവൻ മാർക്കും ലഭിച്ചതായി ആരോപണമുയർന്നിരുന്നു. 2020-ൽ രണ്ടുപേർക്കും 2021-ൽ മൂന്നുപേർക്കും 2023-ൽ രണ്ടുപേർക്കുമാണ് മുഴുവൻ മാർക്ക് ലഭിച്ചത്. 2022-ൽ നാലുപേർ ഒന്നാം റാങ്ക് നേടിയെങ്കിലും 715 മാത്രമായിരുന്നു അവരുടെ സ്‌കോർ. ഇത്തവണ ഒന്നാം റാങ്കിൽ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്‌കോർ വളരെ ഉയർന്നതാണ്.
ആരോപണങ്ങൾ ശക്തമായതോടെ 44 പേർക്ക് മുഴുവൻ മാർക്കും കിട്ടിയത് ഗ്രേസ് മാർക്കിലൂടെയാണെന്ന് എൻ.ടി.എ ചെയർമാൻ സുബോദ് കുമാർ സിങ് വ്യക്തമാക്കിയിരുന്നു. പരീക്ഷ വൈകിയതുമൂലം സമയംതികയാതെവന്നവർക്ക് സുപ്രീംകോടതിയുടെ നേരത്തെയുള്ള നിർദേശപ്രകാരം ഗ്രേസ് മാർക്ക് നൽകി. ഇതാണ് ഒന്നാം റാങ്കിന്റെ എണ്ണം കൂടാൻ കാരണം. ഗ്രേസ് മാർക്കിൽ അപാകതയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പുതിയ സമിതി രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്നാണ് വിവാദം കോടതികയറിയത്.