വസ്ത്രത്തിന് മുകളിലൂടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് കുറ്റകരം; ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

 

വസ്ത്രത്തിന് മുകളിലൂടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് കുറ്റകരമല്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. വ്രസ്ത്രത്തിന് മുകളിലൂടെ ശരീരത്തില്‍ പിടിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ ആകൂവെന്നന്നും പോക്‌സോ വകുപ്പ് അനുസരിച്ച് കുറ്റകരമല്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ലൈംഗിക ഉദ്ദേശ്യത്തോടെ പായപൂര്‍ത്തിയാകാത്ത കുട്ടികളെ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമത്തിന്റെ ഏഴാം വകുപ്പ് അനുസരിച്ച് ശിക്ഷാര്‍ഹമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പോക്സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ലൈംഗിക ഉദ്ദേശ്യം ഉണ്ടോ എന്നതാണ് ലൈംഗിക അതിക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയം. പരസ്പരം ചര്‍മ്മങ്ങള്‍ സ്പര്‍ശിക്കണം എന്ന സങ്കുചിതമായ നിലപാട് കൊണ്ട് പോക്സോ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചാല്‍, സര്‍ജിക്കല്‍ ഗ്ലൗസ് ഇട്ട ഒരു വ്യക്തി കുട്ടിയെ പീഡിപ്പിച്ചാല്‍ അദ്ദേഹത്തിന് പോക്സോ നിയമപ്രകാരം ശിക്ഷിക്കാന്‍ കഴിയില്ല എന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു.

12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സതീഷ് എന്നയാള്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിചിത്രമായ ഉത്തരവ്. പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചതോടെ പ്രതിക്ക് മൂന്ന് വര്‍ഷത്തെ തടവും പിഴയും ശിക്ഷയായി ലഭിക്കും.