രാജി വയ്ക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഔചിത്യം; മുകേഷിനെ പിന്തുണക്കാതെ പി.കെ ശ്രീമതി

 

 ലൈംഗിക പീഡനക്കേസിൽ പ്രതിയായ മുകേഷ് എംഎൽഎയെ പിന്തുണക്കാതെ സി.പി.എം നേതാവ് പി.കെ ശ്രീമതി. രാജി വയ്ക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഔചിത്യമാണ്. ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

കേസില്‍ മുകേഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. 3 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുകേഷിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്നുള്ള കേസിലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. കേസിൽ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എംഎൽഎ ആയതിനാൽ ഐഡന്‍റിഫിക്കേഷന്‍റെ ആവശ്യമില്ല, 2010ൽ നടന്ന സംഭവമായതിനാൽ അടിയന്തര തെളിവു ശേഖരണത്തിന്‍റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.