ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല; എം വി ഗോവിന്ദന്‍

 

ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്പീക്കര്‍ ഷംസീറും ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറിച്ചുള്ളതൊക്കെ കള്ളപ്രചാരണങ്ങളാണ്. താന്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചതിന്റെ തലയും വാലും വെച്ച് കള്ളപ്രചാരണം നടത്തുകയാണ്. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടാക്കി എന്നതിനെയാണ് താന്‍ മിത്തെന്ന് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. 

'ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല. അല്ലാഹു വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ പ്രമാണത്തിന്റെ ഭാഗമല്ലേ. ഗണപതിയും അങ്ങനെ തന്നെ. പിന്നെ അത് മിത്താണെന്ന് എങ്ങനെ പറയാന്‍ സാധിക്കും. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഷംസീറും പറഞ്ഞില്ല. അത് തെറ്റായ പ്രചാരണമാണ്. ഞാന്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചതിന്റെ തലയും വാലും വെച്ച് കള്ള പ്രചരണം നടത്തുകയാണ്. ഞാന്‍ പറഞ്ഞതിതാണ്, പരശുരാമന്‍ ഗോകര്‍ണത്തു നിന്ന് മഴുവെറിഞ്ഞ് കന്യാകുമാരി വരെ വീഴ്ത്തി. അതിന്റെ ഭാഗമായി കടലു മാറി കരയുണ്ടായി. ആ കര ബ്രാഹ്‌മണനെ ഏല്‍പ്പിച്ചു. ഇതാണ് ഞാന്‍ മിത്താണെന്ന് പറഞ്ഞത്'. വിശ്വാസികള്‍ ഗണപതിയെ വിശ്വസിക്കുന്നു അല്ലാഹുവിനെ വിശ്വസിക്കുന്നു. ആ വിശ്വാസപ്രമാണത്തിന്റെ ഭാഗമായി അവര്‍ക്ക് വിശ്വസിക്കാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. കള്ളപ്രചാരവേലകളാണ് നടക്കുന്നത്. ഞാന്‍ പൊന്നാനിയില്‍ നിന്നാണോ വരുന്നതെന്ന ചോദ്യത്തിന്റെ വര്‍ഗീയത എനിക്കറിയാഞ്ഞിട്ടല്ല. ഒരു വര്‍ഗീയ വാദിയുടെ ഭ്രാന്തിന് ഞാനെന്തിന് മറുപടി പറയണം. എനിക്കതിന്റെ ആവശ്യമില്ലാത്തതു കൊണ്ടാണ് അത് അവഗണിച്ചത്. അവരാഗ്രഹിക്കുന്ന ഫലം എന്തായാലും കിട്ടാന്‍ പോകുന്നില്ല. വര്‍ഗീയവാദികള്‍ വിശ്വാസികളല്ല. അവര്‍ വിശ്വാസം ഉപകരണമായി ഉപയോഗിക്കുകയാണ്. 

വിശ്വാസികള്‍ സമൂഹത്തിനു മുന്നിലുണ്ട്. അവര്‍ക്കൊപ്പമാണ് ഞങ്ങള്‍. കപടവിശ്വാസത്തിന്റെ പേര് പറഞ്ഞ് വര്‍ഗീയത പ്രചരിപ്പിക്കുന്നവരോടല്ല ഞങ്ങള്‍ക്ക് കൂറുള്ളത്. നിയമം ലംഘിച്ചതിന്റെ ഭാഗമായി കേസെടുത്തത് വിശ്വാസം നോക്കിയിട്ടല്ല. നാമജപം ആണെങ്കിലും ഇങ്കില്വാബ് സിന്ദാബാദ് ആണെങ്കിലും നിയമം ലംഘിച്ചാല്‍ കേസ് എടുക്കും'. വി.ഡി. സതീശനും കെ.സുരേന്ദ്രനും ഒരേ അഭിപ്രായമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. സി.പി.എമ്മാണ് വര്‍ഗീയതയ്ക്ക് കൂട്ടു നില്‍ക്കുന്നതെന്ന അസംബന്ധ പ്രചാരവേല കുറേക്കാലമായി വി.ഡി. സതീശന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. വാതിലുകളെല്ലാം തുറക്കപ്പെടട്ടെ വിചാരധാരകള്‍ പ്രവേശിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞതിനെ പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ വര്‍ഗീയമായ നിലപാടുകളാണ് ഞങ്ങള്‍ സ്വീകരിക്കുന്നതെന്ന് പറഞ്ഞ് തടിതപ്പുകയാണ്. അദ്ദേഹത്തിന്റെ മനസ്സിലുള്ള വര്‍ഗീയ നിലപാടുകള്‍ അറിഞ്ഞോ അറിയാതെയോ പുറത്തു വരുന്നു എന്നാണ് മനസിലാകുന്നത്. സുരേന്ദ്രനും വര്‍ഗീയ നിലപാടാണ് സ്വീകരിക്കുന്നത്. വര്‍ഗീയ സമീപനം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കേരളത്തിലെ പൊതു സമൂഹം അത് അംഗീകരിക്കില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.