ഏകീകൃത സിവില്‍കോഡ് നടപ്പാക്കേണ്ടത് നമ്മുടെ കടമ; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും അനിവാര്യം- മോദി

 

 മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങൾക്ക് ആധുനിക സമൂഹത്തിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ, സിവിൽ കോഡ് വിവേചനപരമാണെന്ന് രാജ്യത്തെ വലിയൊരു വിഭാ​ഗം ജനങ്ങൾക്ക് തോന്നുന്നു. അതിനാൽ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സുപ്രീംകോടതി നടത്തിയിട്ടുണ്ട്. ഇതേ വിഷയത്തിൽ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ വലിയൊരു വിഭാ​ഗം ജനങ്ങൾക്ക് നിലവിലെ സിവിൽ കോഡ് വിവേചനപരമാണെന്ന് തോന്നുന്നു. ഭരണഘടനാ നിർമാതാക്കളുടെ സ്വപ്നമായിരുന്നു ഇത്. സുപ്രീംകോടതിയും ഭരണഘടനയും ഇതേ കാര്യം തന്നെ നമ്മോട് പറയുന്നു. അത് നിറവേറ്റേണ്ടത് തങ്ങളുടെ കടമയാണ്.

വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്. എല്ലാവരും അവരുടെ അഭിപ്രായങ്ങളുമായി മുന്നോട്ട് വരണം. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങൾ ഇല്ലാതാക്കണം. ആധുനിക സമൂഹത്തിൽ അവയ്ക്ക് സ്ഥാനമില്ല. കാലം മതേതര സിവിൽ കോഡ് ആവശ്യപ്പെടുന്നു. ഇതോടെ, മതപരമായ വിവേചനങ്ങളിൽ നിന്നും നാം സ്വതന്ത്രരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ പുരോ​ഗതിക്ക് തടസ്സം സൃഷ്ടിക്കുന്നു. മൂന്നു മുതൽ ആറു മാസത്തിനിടെ എവിടെയെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നു. ഇതോടെ, എല്ലാ പ്രവർത്തമങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരിക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തിനായി രാജ്യം മുന്നോട്ട് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.