സിദ്ദിഖ് കാപ്പനെ യുപി പോലീസ് കുടുക്കിയത് മനോരമ ലേഖകന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് റിപ്പോര്‍ട്ട്

 

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യുപി പോലീസ് കുടുക്കിയതി മലയാള മനോരമ ലേഖകന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് റിപ്പോര്‍ട്ട്. ന്യൂസ് ലോന്‍ട്രിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് മനോരമ ഡല്‍ഹി ലേഖകനായിരുന്ന ബിനു വിജയന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹാഥ്‌റസിലേക്കുള്ള യാത്രാമധ്യേ കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.

കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കുന്ന വാര്‍ത്തകള്‍ കാപ്പന്‍ നിരന്തരം നല്‍കിയെന്നുമാണ് ബിനു നല്‍കിയ മൊഴി. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ അസോസിയേറ്റ് എഡിറ്റര്‍ ജി.ശ്രീദത്തന് ബിനു വിജയന്‍ അയച്ച ഇമെയിലുകളുടെ കോപ്പികളും കാപ്പനെതിരായ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2003 മുതല്‍ 2017 വരെ മലയാള മനോരമ ഡല്‍ഹി കറസ്‌പോണ്ടന്റായിരുന്ന ബിനു വിജയന്‍ ഇപ്പോള്‍ പാട്‌നയിലാണ്.

കെയുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിന്റെ സെക്രട്ടറിയായിരുന്ന കാപ്പന്‍ ഫണ്ടുകളില്‍ തിരിമറി നടത്തിയെന്ന ആരോപണവും ബിനു നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ പണം ഉപയോഗിച്ചതെന്നായിരുന്നു ആരോപണം. ഇതും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഫണ്ട് തിരിമറി ആരോപണം കെയുഡബ്ല്യുജെ നിഷേധിച്ചിട്ടുണ്ട്. ഈ വിഷയം ഇപ്പോള്‍ കോടതിയിലാണ്. എന്നാല്‍ ബിനു ഉന്നയിച്ച ആരോപണങ്ങളില്‍ കാപ്പനെതിരെ യുഎപിഎയും ഐടി ആക്ടും ചുമത്തിയതിന് കാരണം മനസിലാകുന്നില്ലെന്നാണ് അഭിഭാഷകനായ മധുവന്‍ ദത്ത് ചതുര്‍വേദി പറയുന്നത്.