എസ്പിബി വിടപറഞ്ഞിട്ട്  മൂന്ന് വർഷം

 

ഇന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത ഗായകനും നടനും സംഗീത സംവിധായകനും നിർമ്മാതാവുമായ എസ് പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷം. ഏറ്റവും കൂടുതൽ ചലച്ചിത്ര പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡ് എസ്.പി.ബി ക്ക് സ്വന്തമാണ്. ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്‌. 

ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്പിബി സംഗീതലോകത്തിന് സമ്മാനിച്ചത് എക്കാലവും മനസ്സിൽതങ്ങി നിൽക്കുന്ന നിരവധി മനോഹരഗാനങ്ങളാണ്. ബോളിവുഡിലും വെന്നിക്കൊടി പറത്താൻ ഈ ആന്ധ്രാപ്രദേശുകാരനായി. ശ്രീനഗർ മുതൽ കന്യാകുമാരി വരെ എവിടെയും ഏതുഭാഷയിലും, പ്രണയവും, വിരഹവും ആർദ്രതയും നിറഞ്ഞുനിന്ന എസ്പിബിയുടെ ശബ്ദമാധുര്യമുണ്ട്. 

മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നാലു ഭാഷകളിലായി ആറ് തവണയും ആന്ധ്രാപ്രദേശ് സർക്കാരിന്റെ അംഗീകാരം 24 തവണയും പരമോന്നത സിവിലിയൻ ബഹുമതികളായ പത്മശ്രീ, പത്മഭൂഷൻ എന്നിവയുെ എസ്പിബി നേടിയിട്ടുണ്ട്. റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യമായ, രാജ്യത്തിനകത്തും പുറത്തുമായി അനേകായിരം വേദികളെ സംഗീതസാന്ദ്രമാക്കിയ എസ്പിബി ഇന്നും തന്റെ ശബ്ദമാധുര്യത്തിലൂടെ തലമുറകളെ വിസ്മയിപ്പിക്കുന്നു.