അത് ക്രാക്കല്ല ഷ്രിങ്കേജ്- മന്ത്രി രാജൻ
വയനാട് ടൗൺ ഷിപ്പിലെ വീട്ടിൽപോയി വിള്ളലുണ്ടായെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തംനിലയ്ക്ക് പരിശോധിച്ചതിൽ വിശദീകരണവുമായി റവന്യൂമന്ത്രി കെ. രാജൻ. അപകടകരമായ വിധത്തിലുള്ള പ്രചരണം നടക്കുന്ന സമയത്ത് വിഷയത്തിൽ പ്രതികരിക്കണമെന്ന് മാധ്യമങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിശദാംശങ്ങൾ നേരിട്ടറിയാതെ ലഭ്യമായ വിവരങ്ങൾവെച്ച് പ്രതികരിക്കുന്നത് ശരിയല്ല എന്നുള്ളതുകൊണ്ടാണ് വയനാട് ടൗൺഷിപ്പിലേക്ക് പോയതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താപനിലയിലുണ്ടാകുന്ന വ്യത്യാസംമൂലം നിർമാണവേളയിലുണ്ടാകാവുന്ന ഷ്രിങ്കേജ് ആണ് അവിടെയുണ്ടായതെന്നാണ് ബന്ധപ്പെട്ട എൻജിനീയർമാർ അറിയിച്ചത്. ക്രാക്ക് എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ആളുകൾ മനസ്സിലാക്കുന്നത് അത് സ്ട്രക്ചറൽ ക്രാക്ക് എന്നാണ്. എന്നാൽ, അത് അത്തരത്തിലുള്ളതല്ല എന്ന് അന്ന് അവിടെ ചെന്ന് പരിശോധിച്ചപ്പോൾ എൻജിനീയർമാർ ഉറപ്പുനൽകുകയും വീടിന്റെ ഉറപ്പിനെ ബാധിക്കില്ലെന്ന് പറയുകയും ചെയ്തു. ആ ഘട്ടത്തിലാണ് വീടിനുള്ളിലേക്ക് പോയത്. അവിടെ വീടിനുള്ളിൽ പെൻസിലുകൊണ്ട് അടയാളപ്പെടുത്തിയതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ പെൻസിൽ കൊണ്ട് തന്നെ അടയാളപ്പെടുത്തിയത് ആണോ എന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ് നോക്കിയത്, രാജൻ പറഞ്ഞു.