കനകക്കുന്നിലിറങ്ങുന്ന ചന്ദ്രനെ കാണാൻ ഇനി മണിക്കൂറുകൾ മാത്രം; മൂന്നുനില കെട്ടിടത്തിൻ്റെ ഉയരത്തിൽ ഉദിച്ചുയരും 

 

തിരുവനന്തപുരം: കനകക്കുന്നിലിറങ്ങുന്ന ചന്ദ്രനെ കാണാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകപ്രശസ്ത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂൺ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള ചന്ദ്രഗോളം ഉദിച്ചുയരും. തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപമാണിത്. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് ഇൻസ്റ്റലേഷൻ സൗജന്യമായി പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
 
നാസയിൽ നിന്നു ലഭ്യമാക്കിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റലേഷന്റെ പ്രതലത്തിൽ പതിച്ചിട്ടുള്ളത്. ഇത് ഇൻസ്റ്റലേഷന് ചന്ദ്രന്റെ ചെറുരൂപത്തിന്റെ ദൃശ്യാനുഭവം നൽകുന്നു. ലൂക് ജെറോം കഴിഞ്ഞ ദിവസം കനകക്കുന്നിലെത്തി പ്രദർശന സ്ഥലം പരിശോധിച്ചിരുന്നു. യു.എസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്‌ജസ് ‘മ്യൂസിയം ഓഫ് മൂൺ’ കാണുന്നതിന് ഇന്ന് രാത്രിയിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തെത്തും.