ജക്കാർത്തയിൽ ജയിലിൽ തീപിടുത്തം; 41 മരണം

 

ഇന്തോനേഷ്യയിൽ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം തിരക്കേറിയ ജയിലിൽ തീപിടിച്ച് 41 പേർ മരിച്ചു.  ഇന്ന് പുലർച്ചെയാണ് തങ്കേരംഗ് ജയിലിൽ തീപിടുത്തമുണ്ടായത്. തടവുകാരെല്ലാം  ഉറങ്ങുന്ന സമയത്താണ് തീപിടുത്തമുണ്ടായത്. പോർച്ചുഗലിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള അന്തേവാസികൾ ഉൾപ്പെടെയുള്ള ചില വിദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു.

ജയിൽ ബ്ലോക്കിലെ ഒന്നിലധികം മുറികൾ പൂട്ടിയിരിക്കുകയായിരുന്നെന്നും തീ പടർന്നതിനാൽ തുറക്കാനായില്ലെന്നും നിയമ, മനുഷ്യാവകാശ മന്ത്രി യാസോന്ന ലാവോലി പത്രസമ്മേളനത്തിൽ പറഞ്ഞു.  

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചെയ്ത തടവുകാരെ പാർപ്പിച്ച ബ്ലോക്കിലാണ് തീപിടിച്ചത്. നിരവധി  ആളുകൾക്ക് പരിക്കേറ്റതായും പറയപ്പെടുന്നു. ഇവരിൽ ചിലർ ഐസിയുവിലാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. 
2000 തടവുകാരെ പാർപ്പിച്ചിട്ടുള്ള മുഴുവൻ കെട്ടിടത്തിലും 15 ഗാർഡുകൾ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇന്തോനേഷ്യൻ ജയിലുകളിൽ നിലനിൽക്കുന്ന ഒരു പ്രശ്നമാണ് ജയിൽ അമിത ശേഷി.