ജെ.സി.ഡാനിയേല്‍ പുരസ്‌കാരം ഗായകന്‍ ജയചന്ദ്രന്

 

2020ലെ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം ഗായകന്‍ പി.ജയചന്ദ്രന്. ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ജയചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഡിസംബര്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. 5 ലക്ഷം രൂപയും ശില്‍പവും അടങ്ങിയ അവാര്‍ഡ് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ്.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും, നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പി.ജയചന്ദ്രന്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.