കെ ജി ജോർജിന്റെ വേർപാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടം; രമേശ് ചെന്നിത്തല
Updated: Sep 24, 2023, 17:22 IST
പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജിന്റെ മരണത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല. വ്യത്യസ്തമായ കഥകളും ആഖ്യാന ശൈലിയുംകൊണ്ട് മലയാള സിനിമയ്ക്ക് നവഭാവുകത്വം വിളക്കിച്ചേർത്ത പ്രതിഭാശാലിയായിരുന്നു കെ ജി ജോർജ്. ഇന്നും അദ്ദേഹത്തിന്റെ സിനിമകളുടെ പ്രസക്തി നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ന് രാവിലെ എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ചായിരുന്നു കെ ജി ജോർജിന്റെ അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. യവനിക, ഇരകൾ, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഇലവങ്കോട് ദേശമാണ് അവസാന സിനിമ.