കാലടി സർവകലാശാല; സിംഗിൾ ബെഞ്ച് ഉടൻ തീർപ്പാക്കണമെന്ന് സുപ്രീംകോടതി

അനുകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്തണമെന്നും കോടതി
 

കാലടി സംസ്‌കൃത സർവകലാശാല സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര ഉത്തരവിടാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിദ്യാർഥികളുടെ ഹർജികൾ എത്രയും പെട്ടെന്നു തീർപ്പാക്കാൻ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനോടു സുപ്രീം കോടതി നിർദേശിച്ചു. തീരുമാനം വിദ്യാർഥികൾക്ക് അനുകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്തണമെന്നും സർവകലാശാല നടപടി വിദ്യാർഥികളുടെ താൽപര്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജഡ്ജിമാരായ പി.എം. നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

അന്വേഷണ റിപ്പോർട്ട് പോലുമില്ലാതെയാണ് വിദ്യാർഥികളെ 64 ദിവസം സസ്പെൻഷനിൽ നിർത്തിയതെന്നു വിദ്യാർഥികളുടെ അഭിഭാഷകരായ പി.വി. ദിനേശും കെ.ആർ. സുഭാഷ് ചന്ദ്രനും വാദിച്ചു. സസ്‌പെൻഷൻ തന്നെ ഒരു ശിക്ഷയാണ്. അടുത്ത ദിവസം വിദ്യാർഥികൾ ഇതിനെതിരെ നിയമനടപടി സ്വീകരിച്ചു. എന്നാൽ സർവകലാശാലയ്ക്ക് സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ലഭിക്കാൻ മൂന്ന് ദിവസമെടുത്തു. പരീക്ഷ പ്രഖ്യാപിച്ചപ്പോൾ വിദ്യാർഥികൾ അപേക്ഷ നൽകിയതാണ്. എന്നാൽ സർവകലാശാല വിഷയം വൈകിപ്പിച്ചുകൊണ്ട് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. വിദ്യാർഥികൾ കോടതിയെ സമീപിച്ചതിനു ശേഷമാണ് വിവിധ കോഴ്‌സുകളിലെ ഒന്നാം വർഷ പരീക്ഷകൾ പ്രഖ്യാപിച്ചത്. അതിൽ ചിലർ മാസ്റ്റേഴ്‌സ് വിദ്യാർഥികളാണ്. ചിലർ മറ്റു കോഴ്‌സുകളിലുള്ളവരാണ്. അവർക്ക് ഈ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സെപ്റ്റംബറിൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കുവെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.