കളമശേരി സ്ഫോടനം; സാമൂഹിക മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ഡിജിപി 

 

കളമശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിൽ നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്നും അത്തരക്കാർക്കെതിരെ കർശന  നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. എല്ലാവരും സമാധാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും പോലീസിന്റെ കൃത്യമായ അന്വേഷണത്തിലുടെ മാത്രമേ എന്താണ് കാരണമെന്ന് വ്യക്തമാകുകയുള്ളു എന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. രണ്ടുവതവണ സ്‌ഫോടനം ഉണ്ടായി എന്നത് യാഥാർത്ഥ്യമാണ്. സ്‌ഫോടനത്തിനിടെയുണ്ടായ തീപടര്‍ന്നാണ് സ്ത്രീ മരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആദ്യം കൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുളളവര്‍ക്ക് അടിയന്തര ചികിത്സ നൽകി രക്ഷപ്പെടുത്തുക എന്നതാണ്. രണ്ടാമതായി ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് വിഷയം വഷളാക്കരുത് എന്നും  വി ഡി സതീശൻ പറഞ്ഞു.