സി.പി.എമ്മിനെതിരെ വിമർശനവുമായി കാന്തപുരം വിഭാഗം മുഖപത്രം
കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവന വിവാദമാക്കിയതിൽ സി.പി.എമ്മിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗം മുഖപത്രം. തോറ്റതിന്റെ അരിശം ന്യൂനപക്ഷത്തിനെതിരെ തീർക്കുകയാണെന്ന് എസ്.വൈ.എസ് നേതാവ് റഹ്മത്തുല്ല സഖാഫി എളമരം എഴുതിയ ‘ഇവിടെ ആർക്കാണ് പ്രശ്നം’ എന്ന ലേഖനത്തിൽ പറയുന്നു.
പത്ത് വര്‍ഷത്തോളമായി സ്വീകരിച്ചു പോരുന്നതില്‍ നിന്ന് വ്യത്യസ്തമായി അന്ധമായ വിമര്‍ശനമാണ് ഈ വിഷയത്തില്‍ സി.പി.എം സ്വീകരിച്ചത്. തെരഞ്ഞെടുപ്പിലെ പരാജയം ന്യൂനപക്ഷ സമുദായങ്ങളുടെമേല്‍ ചാര്‍ത്തി വിമര്‍ശിക്കുന്ന രീതി ഈയിടെയായി പല ഇടതു പ്രൊഫൈലുകളില്‍ നിന്നും കാണുന്നുണ്ട്. അതിന്റെ അരിശം തീര്‍ക്കുന്നതാണോ വിശദീകരണം നല്‍കിയിട്ടും വിമര്‍ശനവുമായി മുന്നോട്ടു പോകുന്നത് എന്ന് സംശയമുണ്ട്. ഇടതുപക്ഷത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് വിചാരിക്കുന്നവരാണ് സുന്നി പ്രസ്ഥാനം. യു.ഡി.എഫില്‍ പോലും അങ്ങനെ ചിന്തിക്കുന്നവരുണ്ട്.
ഭരണമോശം കൊണ്ടാണ് പരാജയപ്പെട്ടത് എന്ന് അഭിപ്രായമില്ല. മറിച്ച് പാര്‍ട്ടിക്കുള്ളിലെ അമര്‍ഷം തന്നെയായിരുന്നു പ്രധാനകാരണമെന്ന് തിരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ച ഭരണം കാഴ്ചവെച്ചു. ഉജ്ജ്വലമായി വീണ്ടും തിരിച്ചുവന്നപ്പോള്‍ നന്മ ഉദ്ദേശിച്ച് കൊണ്ടാകാം മന്ത്രി സഭയില്‍ ഒരു തലമുറമാറ്റം കൊണ്ടു വന്നു. മുഖ്യമന്ത്രി മാത്രം മാറിയില്ല. ഇത് മികച്ച ഭരണം കാഴ്ചവെച്ച പല മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും കടുത്ത അമര്‍ഷവും പ്രതിഷേധവും ഉണ്ടാക്കി.