മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് സുപ്രീം കോടതിയില്‍ കേരളം; എതിര്‍ത്ത് തമിഴ്‌നാട്

 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍. ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നും ജലനിരപ്പ് കുറച്ചില്ലെങ്കില്‍ ഡാമിന് സമീപം താമസിക്കുന്നവരുടെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അടിയന്തര ഇടപെടല്‍ വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ തമിഴ്‌നാട് ഈ വാദത്തെ എതിര്‍ത്തു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്ന് കോടതി വിലയിരുത്തി. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാന്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കോടതി നിര്‍ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചു.