99 ശതമാനം പെണ്‍കവികളും നല്ല എഴുത്തുകാരല്ല! വിവാദത്തിന് തുടക്കമിട്ട് കവിയും ഗാനരചയിതാവുമായ അജീഷ് ദാസന്‍
കേരളത്തിലെ പെണ്‍കവികളില്‍ 99 ശതമാനവും നല്ല എഴുത്തുകാരല്ലെന്ന വിവാദ പ്രസ്താവനയുമായി കവിയും ഗാനരചയിതാവുമായ അജീഷ് ദാസന്‍. നന്നായി എഴുതുന്ന പെണ്‍കവികളില്‍ പലരും ഇന്‍ബോക്‌സിലെത്തുന്ന ആണ്‍കവികളുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി ഇല്ലാതാകുകയാണെന്നും അജീഷ് പറഞ്ഞത് വിവാദമായി. വൈക്കം, പി.കൃഷ്ണപിള്ള സ്മാരക ലൈബ്രറിയില്‍ വെച്ച് മീര ബെന്നിന്റെ പെണ്‍ മോണോലോഗുകള്‍ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍ വെച്ചായിരുന്നു അജീഷിന്റെ പരാമര്‍ശം.
'കേരളത്തിലെ ഇപ്പോഴത്തെ പെണ്‍കവികളില്‍ 99 ശതമാനവും നല്ല എഴുത്തുകാരികളേയല്ല. അഥവാ ഇനി ആരെങ്കിലും എഴുതിയാല്‍ തന്നെ ഇവിടുത്തെ പ്രമുഖ ആണ്‍ കവികള്‍ ഉടനെ അവരുടെ ഇന്‍ബോക്സില്‍ ചെല്ലുകയായി. പിന്നെ അവരുടെ എഴുത്തിനെ വല്ലാതങ്ങു പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളെ മാധവിക്കുട്ടി ആക്കാം, സുഗതകുമാരി ആക്കാം എന്നൊക്കെയുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നു. ഈ വാഗ്ദാനങ്ങളില്‍ കുടുങ്ങി പെണ്‍കവികള്‍ 99 ശതമാനവും ഇവരുടെ പുറകെ പോകുന്നു. അങ്ങനെ പ്രമുഖ പെണ്‍ കവികള്‍ ഇവിടെ ഇല്ലാതാകുന്നു. പ്രമുഖ ആണ്‍ കവികളുടെ ഇന്‍ബോക്സ് പ്രോത്സാഹനങ്ങളില്‍ വീഴുന്ന കവികള്‍ പിന്നീട് അവര്‍ പറയും പ്രകാരം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു' എന്നാണ് അജീഷ് ദാസ് പറഞ്ഞത്.
പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വമിര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്നത്. കവി സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. അജീഷ് ദാസന്റെ വാക്കുകള്‍ കേരളത്തിലെ സാംസ്‌കാരികരംഗത്തെ ബ്രാഹ്‌മണിക്ക് ജീര്‍ണ്ണതയിലൂന്നിയ ആണധികാര അഹന്തയുടെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് സ്ത്രീ കവികളും ദളിത് ആക്ടിവിസ്റ്റുകളും അഭിപ്രായപ്പെടുന്നു. സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ നിയമ നടപടി സ്വീകരിക്കുമെന്നും
എന്നാല്‍ തന്നെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിയാലും മാപ്പു പറയാന്‍ തയ്യാറില്ലെന്നാണ് അജീഷ് ദാസന്റെ നിലപാട്. തന്റെ ജീവിതത്തില്‍ ഇന്നേവരെ ഒരു സ്ത്രീയോടും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല, ഇന്നലെ നടന്ന ഒരു ചടങ്ങില്‍ ഞാന്‍ പങ്കുവെച്ച എന്റെ അഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ അവരോട് ഐക്യപ്പെടുന്നു. ഇനി മേലില്‍ ഒരു പൊതു പരിപാടികളിലും പങ്കെടുക്കില്ല എന്നും അഭിപ്രായങ്ങള്‍ പറയില്ലെന്നും അജീഷ് ദാസന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.