കലൂരില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം; യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്, കാറില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തി
കൊച്ചി, കലൂരില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായ കാറിലുണ്ടായിരുന്ന യുവാക്കള്‍ക്കെതിരെ പോക്‌സേ കേസ്. കാറിനുള്ളില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കേസ്. അപകട സമയത്ത് കാറില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കാര്‍ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പെണ്‍കുട്ടികള്‍ കാറിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.
കാറില്‍ ഉണ്ടായിരുന്ന ജിത്തു, സോണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മത്സര ഓട്ടമായിരുന്നു അപകടത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് കാറില്‍ നടത്തിയ പരിശോധനയില്‍ സിന്തറ്റിക് ഡ്രഗ്‌സും കഞ്ചാവും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇവര്‍ മയക്കുമരുന്ന് ഉപോയഗിച്ചിരുന്നതായി വ്യക്തമായി.
അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറില്‍ നിന്ന് പെണ്‍കുട്ടികളെ ഇവര്‍ ഇറക്കിവിട്ടുവെന്നും വ്യക്തമായി. പെണ്‍കുട്ടികളെ ഇവര്‍ ലൈംഗികമായി ചൂഷണം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോക്‌സോ കേസ് എടുത്തത്. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.