ഉക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട; ഡല്‍ഹിയില്‍ തടഞ്ഞുവെച്ചു

 

ഉക്രൈനില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗിനുള്ളില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തതായി സൂചന. ഇന്നലെയെത്തിയ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് സുരക്ഷാ പരിശോധനയ്ക്കിടെ വെടിയുണ്ട കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തു. 

ഡല്‍ഹിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ കേരളത്തിലേക്ക് പുറപ്പെടാന്‍ തുടങ്ങുന്നതിന് മുന്‍പായാണ് വെടിയുണ്ട കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ തടയുകയായിരുന്നു. ഇക്കാര്യം കേരള ഹൗസിനെയും വിദ്യാര്‍ത്ഥിയുടെ രക്ഷാകര്‍ത്താക്കളെയും അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.