മാല നഷ്ടപ്പെട്ട സ്ത്രീക്ക് വളകള്‍ നല്‍കിയ അജ്ഞാത സ്ത്രീ ചേര്‍ത്തല സ്വദേശിനി ശ്രീലത; മോഹനന്‍ വൈദ്യരുടെ ഭാര്യ

 

കൊല്ലം പട്ടാഴി ക്ഷേത്രത്തില്‍ വെച്ച് രണ്ട് പവന്റെ മാല നഷ്ടപ്പെട്ട സ്ത്രീക്ക് രണ്ട് സ്വര്‍ണ്ണ വളകള്‍ നല്‍കിയ അജ്ഞാത സ്ത്രീയെ തിരിച്ചറിഞ്ഞു. ചേര്‍ത്തല സ്വദേശിയായ ശ്രീലതയാണ് രണ്ടു പവന്‍ തൂക്കമുള്ള വളകള്‍ മാല നഷ്ടമായ സുഭദ്രാമ്മയ്ക്ക് നല്‍കിയത്. ക്ഷേത്രമുറ്റത്ത് കരഞ്ഞു കൊണ്ടു നിന്ന സുഭദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയ സ്ത്രീയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. 

ഒടുവില്‍ വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന് തിരിച്ചറിയുകയായിരുന്നു. അന്തരിച്ച മോഹനന്‍ വൈദ്യരുടെ ഭാര്യയാണ് ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിനിയായ ശ്രീലത. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ബന്ധുവീട്ടില്‍ എത്തിയ ശ്രീലത പട്ടാഴി ദേവീക്ഷേത്രത്തിലെ കുംഭത്തിരുവാതിര ഉത്സവത്തിന് തൊഴാനെത്തിയതായിരുന്നു. അപ്പോഴാണ് കൊട്ടാരക്കര മൈലത്ത് കശുവണ്ടി തൊഴിലാളിയായ സുഭദ്ര കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് കണ്ടത്. 

ഇതോടെ കയ്യിലുണ്ടായിരുന്ന വളകള്‍ ഊരി നല്‍കിയ ശേഷം വള വിറ്റു കിട്ടുന്ന പണം കൊണ്ട് മാല വാങ്ങണമെന്നും ക്ഷേത്രത്തില്‍ എത്തി അത് ധരിക്കണമെന്നും പറഞ്ഞ് മടങ്ങിയ ശ്രീലത സ്വന്തം പേരു പോലും പറഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ശ്രീലതയുടെ മുഖം കണ്ടെത്തിയ ശേഷം ക്ഷേത്ര കമ്മിറ്റിയും നാട്ടുകാരും ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു.