സംസ്ഥാനത്ത് ചൂട് കൂടുന്നു; മൂന്നു ദിവസം വരണ്ട കാലാവസ്ഥ തുടരും

 

സംസ്ഥാനത്ത് പകല്‍ താപനില വര്‍ദ്ധിക്കുന്നു. വരുന്ന മൂന്നു ദിവസവും വരണ്ട കാലാവസ്ഥയായിരിക്കും തുടരാന്‍ സാധ്യത. ഉയര്‍ന്ന താപനിലയില്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും പകല്‍ ചൂട് 36 ഡിഗ്രിക്ക് മേല്‍ ഉയര്‍ന്നേക്കും. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രിക്ക് മേല്‍ താപനിലയ ഉയരാനും സാധ്യതയുണ്ട്. 

തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കരയിലാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് 38.6 ഡിഗ്രിയാണ് വെള്ളാനിക്കരയില്‍ ഇന്നലെ രേഖപ്പെടുത്തിയത്. കാലാവസ്ഥാ വകുപ്പിന്റെ കീഴില്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനില്‍ 39.3 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയതെങ്കിലും ഇത് ഔദ്യോഗികമായി കണക്കാക്കില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ രാജീവന്‍ എരിക്കുളം പറയുന്നു. 

വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് കൂടുമെന്നാണ് വിവിധ കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്.