വിദ്യാര്‍ത്ഥിയായിരിക്കെ ശിക്ഷിച്ച അധ്യാപകനെ വര്‍ഷങ്ങള്‍ക്ക് ശേഷം തലയ്ക്കടിച്ച് പ്രതികാരം; യുവാവ് അറസ്റ്റില്‍
വിദ്യാര്‍ത്ഥിയായിരിക്കെ തല്ലിയ അധ്യാപകന്റെ തലയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സോഡക്കുപ്പി കൊണ്ടടിച്ച് വിദ്യാര്‍ത്ഥിയുടെ പ്രതികാരം. പാലക്കാട് അലനല്ലൂരിലാണ് സംഭവം. ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ അബ്ദുള്‍ മനാഫിനാണ് പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ അലനല്ലൂര്‍ കൂമഞ്ചിറ മുതുകുറ്റി വീട്ടില്‍ നിസാമുദ്ദീനെ (20) പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി 10 മണിക്കാണ് സംഭവമുണ്ടായത്. അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന അധ്യാപകനെ പിന്നിലൂടെയെത്തിയ യുവാവ് കയ്യിലുണ്ടായിരുന്ന സോഡക്കുപ്പി കൊണ്ട തലയില്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. അധ്യാപകന്‍ സ്‌കൂളില്‍ വെച്ച് ശിക്ഷിച്ചതിന് പ്രതികാരമായാണ് യുവാവ് ആക്രമിച്ചതെന്ന് നാട്ടുകല്‍ സിഐ പറഞ്ഞു.
വെള്ളിയാഴ്ച മഞ്ചേരിയില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.