കേരളത്തെ ഇന്ത്യയിലെ പാരിസ്ഥിതിക സൗഹൃദ നിക്ഷേപ സംസ്ഥാനമാക്കുക ലക്ഷ്യം; വ്യവസായ മന്ത്രി പി രാജീവ്

 

കേരളത്തെ രാജ്യത്തെ തന്നെ പാരസ്ഥിതിക സഹൃദ നിക്ഷേപ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി ആസ്ഥാനമായി ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫിനാന്‍സ് മീഡിയ പ്ലാറ്റ്ഫോമായ മൈഫിന്‍ പോയിന്റിന്റെ ഓഫീസും സ്റ്റുഡിയോ കോപ്ലക്സും പാലാരിവട്ടത്ത് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ ആഗോളത്തലത്തില്‍ പോസിറ്റിവ് ആയി ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ല. വിവാദ നിര്‍മാണ് ഫാക്ടറികളാണ് മിക്കവാറും മാധ്യമങ്ങളും. പോസിറ്റീവ് വാര്‍ത്തകള്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ഒറ്റപ്പെട്ട സംഭവങ്ങള്‍ പൊതുവത്കരിക്കുകയുമാണ് ഇവിടെ ചെയ്യുത്. കേരളത്തിന് എതിരായ വാര്‍ത്തകള്‍ ഏത് ഭാഷയിലും ഉടന്‍ വിവര്‍ത്തനം ചെയ്ത് കൊടുക്കുന്ന രീതിയിലാണ് കര്യങ്ങള്‍. ഇത്തരം രീതികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് മൈഫിന്‍ പോയിന്റിനെ പരാമര്‍ശിക്കവെ മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യ അതിവേഗം മാറുകയാണ്. ഈ രംഗത്ത് ഒരോ പുതിയ സാധ്യത വരുകയും അത് അതിവേഗം കാലഘരണപ്പെടുകയും ചെയ്യുകയാണ്. ഇത് ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള വഴക്കം സംവിധാനങ്ങള്‍ക്കുണ്ടോ എന്നതാണ് വിജയത്തിന് ആധാരമെന്നും അദ്ദഹം പറഞ്ഞു.

കാലഘട്ടം ആവശ്യപ്പെടുന്ന നിര്‍ണായക വിഷയങ്ങളാണ് മൈഫിന്‍ കൈകാര്യം ചെയ്യുന്നതെന്ന് മൈഫിന്‍ ലോഗോ റിലീസ് ചെയ്തുകൊണ്ട് എറണാകുളം എം പി ഹൈബി ഈഡന്‍ പറഞ്ഞു. വിവിധ കാര്‍ഷിക മേഖലകളെ ഏകീകരിക്കാന്‍ പറ്റുന്ന വിധത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര സാങ്കേതിക പിന്തുണ വേണമെന്ന് പൊക്കാളി കൃഷിയെ പരാമര്‍ശിച്ചുകൊണ്ട് ഹൈബി ഈഡന്‍ വ്യക്തമാക്കി.

കോവിഡിന് ശേഷം ഓഹരി നിക്ഷേപകരുടെ കാര്യത്തില്‍ കുതിച്ച് ചാട്ടമുണ്ടായിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എല്‍ ഐ സി മുന്‍ എം ഡിയും മുംബൈ സറ്റോക് എക്സേഞ്ച് ഡയറക്ടറും മൈഫിന്‍ ഉപദേശക സമിതി ചെയര്‍മാനുമായ ടി സി സുശീല്‍ കുമാര്‍ വ്യക്തമാക്കി. വിപണിയിലെ നിക്ഷേപകരുടെ എണ്ണത്തിലെ വര്‍ധന  സാധാരണക്കാരന്റെ ജീവിതത്തിലെ ഇതിന്റെ സ്വാധീനമാണ് കാണിക്കുന്നതെന്നും അദേഹം പറഞ്ഞു.

കേരളത്തില്‍ നിക്ഷേധാത്മകത മനോഭാവം കൂടുതലാണെന്നും വ്യവസായികളോടുള്ള ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ മാറ്റം വേണമെന്നും വി സ്റ്റാര്‍ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് വ്യവസായത്തില്‍ തുടരുമ്പോഴും ചെറിയ ഉദ്യോഗസ്ഥന്‍ പോലു തടസവുമായി മുന്നോട്ടു വരാം എന്നതാണ് സ്ഥിതി. ഇത് മാറണം.

രാജ്യത്തെ പൊതു അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി കേരളം ഒരു മണിയോര്‍ഡര്‍ സമ്പദ് വ്യവസ്ഥയാണെന്നും അതിനെ തിരിച്ചറിയുകയാണ് വേണ്ടതെന്നും ചടങ്ങില്‍ സംസാരിച്ച നോവലിസ്റ്റ് എഴുത്തുകാരനുമായ കെ എല്‍ മോഹന വര്‍മ പറഞ്ഞു. കൗണ്‍സിലര്‍ ജോജി കുരിക്കോട്, എസ് സി എം എസ് കൊച്ചിന്‍ കോളേജ് ഓഫ് ബിസിനസില്‍ മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ ചെറിയാന്‍ പീറ്റര്‍, മൈഫിന്‍ പോയിന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍ ഇ ഹരികുമാര്‍, മൈഫിന്‍ ചീഫ് എഡിറ്റര്‍ മോഹന്‍ കാക്കനാടന്‍ എന്നിവര്‍ പ്രസംഗിച്ചു.