ബാർ കോഴ: ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ബിജു രമേശ്

ബാർ കോഴ വിവാദത്തിൽ മന്ത്രി കെ.എം മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ബിജു രമേശ്. ആരോപണത്തെ കുറിച്ച് ബിജു നൽകിയ മൊഴി വിജിലൻസ് സംഘം രേഖപ്പെടുത്തി. നേരത്തെ വെളിപ്പെടുത്തിയ കാര്യങ്ങൾ വിജിലൻസിനെ അറിയിച്ചു.
 

 

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ മന്ത്രി കെ.എം മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ബിജു രമേശ്. ആരോപണത്തെ കുറിച്ച് ബിജു നൽകിയ മൊഴി വിജിലൻസ് സംഘം രേഖപ്പെടുത്തി. നേരത്തെ വെളിപ്പെടുത്തിയ കാര്യങ്ങൾ വിജിലൻസിനെ അറിയിച്ചു. ആവശ്യപ്പെട്ട തെളിവുകളും നൽകിയിട്ടുണ്ട്. കൂടുതൽ രേഖകൾ ആവശ്യമെങ്കിൽ വിജിലൻസ് സംഘത്തിന് കൈമാറുമെന്നും നാല് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യൽ സൗഹൃദപരമായിരുന്നുവെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തിൽ ആരുമായും ഒത്തുതീർപ്പിനില്ല. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തെളിവുകൾ ഇവർക്ക് കൈമാറും. ഈ തെളിവുകൾ സമിതി തന്നെ വിജിലൻസ് സംഘത്തിന് കൈമാറുമെന്നും ബിജു പറഞ്ഞു.

മൊഴി നൽകാനായി രാവിലെ പത്തരയോടെയാണ് ബിജു രമേശ് തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽ എത്തിയത്. വിജിലൻസ് ദക്ഷിണമേഖലാ എസ്.പി. എം.രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മുന്നിലാണ് ബിജു ഹാജരായത്. 2.15ഓടെ മൊഴി രേഖപ്പെടുത്തി പുറത്തിറങ്ങി.