വീട്ടുകാര്‍ അറിയാതെ പ്രസവം; കുഞ്ഞിനെ കൊന്ന് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചു, യുവതിയും കാമുകനും പിടിയില്‍
വീട്ടുകാര്‍ അറിയാതെ പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തി കനാലില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും കാമുകനും കാമുകന്റെ സുഹൃത്തും കസ്റ്റഡിയില്‍. തൃശൂര്‍ വരടിയം സ്വദേശി മേഘ, കാമുകന്‍ ഇമ്മാനുവല്‍, ഇയാളുടെ സുഹൃത്ത് എന്നിവരാണ് പിടിയിലായത്. തൃശൂര്‍ പുഴക്കല്‍പാടത്തിന് സമീപം എംഎല്‍എ റോഡിലെ കനാലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് ഇവരെ തൃശൂര്‍ വെസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
പ്രസവിച്ച ശേഷം മൂന്നു പേരും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി തുണിസഞ്ചിയിലാക്കി കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പുറത്തായത്. പാറമേക്കാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ശ്മശാനമായ ശാന്തിഘട്ടില്‍ ബലിതര്‍പ്പണത്തിന് എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്.
തൃശൂര്‍ നഗരത്തിലെ തുണിക്കടയുടെ പേര് പതിച്ച കവറിലായിരുന്നു മൃതദേഹം. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തെക്കുറിച്ചുള്ള വിവരം പുറത്തു വരികയായിരുന്നു. മേഘയും ഇമ്മാനുവലും പ്രണയത്തിലായിരുന്നു. യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.