സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിക്കുന്നു; വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

 
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുന്നു

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുന്നു. ഇതിന്റെ പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് പ്രായോഗികത പരിശോധിക്കാന്‍ തീരുമാനിച്ചത്. സമിതിയുടെ അഭിപ്രായം അറിഞ്ഞ ശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാനജണ്ഡങ്ങള്‍ തയ്യാറാക്കും. 

പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികള്‍ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയതിന് ശേഷം സ്‌കൂളുകള്‍ തുറന്നാല്‍ മതി എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സ്‌കൂളുകള്‍ തുറക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്. 

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. മുഖ്യമന്ത്രി സമിതിയുമായി തീരുമാനിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.