മുരളീധരന്റെ വിവാദ പരാമര്‍ശം; പോലീസില്‍ പരാതി നല്‍കി ആര്യ രാജേന്ദ്രന്‍

 

കെ.മുരളീധരന്‍ എംപി നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പോലീസില്‍ പരാതി നല്‍കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ആര്യയെ കാണാന്‍ ഭംഗിയൊക്കെയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് മുരളീധരന്‍ വിവാദ പരാമര്‍ശം നടത്തിയത്.

ആര്യയെപ്പോലെ ഒരുപാടുപേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്. ഇതൊക്കെ ഇന്നലത്തെ മഴയത്ത് തളിര്‍ത്തതാണ്. മഴ കഴിയുമ്പോള്‍ അവസാനിച്ചോളുമെന്നും മുരളീധരന്‍ പറഞ്ഞു. ഇതിനെതിരെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. മുരളീധരന്‍ നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു.

സംഭവത്തില്‍ മ്യസിയം പോലീസ് സ്‌റ്റേഷനിലാണ് മേയര്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ നിയമോപദേശം തേടിയ ശേഷം കേസെടുക്കുന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കും.