ഹലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്നത്; വിവാദമുണ്ടാക്കുന്നത് സംഘപരിവാര്‍ അജണ്ടയെന്ന് മുഖ്യമന്ത്രി

 

ഹലാല്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹലാല്‍ എന്നാല്‍ കഴിക്കാന്‍ സാധിക്കുന്നത് എന്നതാണ് അര്‍ത്ഥം. ഇതിനെ മറ്റൊരു അര്‍ത്ഥത്തില്‍ പ്രചരിപ്പിച്ച് വിവാദമുണ്ടാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിണറായിയില്‍ സിപിഎം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നതാണ്. അതുകൊണ്ട് വേറെ ദോഷമില്ല എന്നതാണ് ഉദ്ദേശിക്കുന്നത്. അത്തരമൊരു അര്‍ത്ഥമാണ് ആ പദത്തിനുള്ളത്. എന്നാല്‍ അതിനോടൊപ്പം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയൊരു വല്ലാത്ത ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അത് രാജ്യവ്യാപകമായിട്ടുണ്ട്. കേരളത്തിലും ചില നടപടികള്‍ കാണാന്‍ സാധിക്കും' എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്താകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഇടപെടല്‍ ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും പാര്‍ലമെന്റില്‍ വരെ നല്‍കുന്ന ഭക്ഷണത്തില്‍ ഹലാല്‍ എന്ന് എഴുതുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാല്‍ വിവാദം ഉയര്‍ത്തിക്കാണിച്ചതിന് ശേഷമാണ് അതിന്റെ പൊള്ളത്തരം സംഘപരിവാറിന് മനസിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു.