ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാതി ലഭിച്ചാൽ വിട്ടുവീഴ്ചയില്ലാതെ നടപടി -മന്ത്രി സജി ചെറിയാൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ സർക്കാർ രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണെമെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. സ്വകാര്യ വിവരങ്ങളുള്ളതിനാൽ മുൻ വിവരാവകാശ കമ്മീഷണറും റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാന്യത കാണിക്കുകയാണ് സർക്കാർ ചെയ്തത്.
റിപ്പോർട്ട് നടപ്പാക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സിനിമാ രംഗത്തെ എല്ലാ സംഘടനകളുമായും ചർച്ചചെയ്ത് വരികയാണ്. കഴിഞ്ഞ ഒന്നരവർഷമായി വലിയൊരു പ്രക്രിയയിലാണ് സംസ്ഥാന സർക്കാർ. സിനിമാ കോൺക്ലേവ് നടത്താമെന്ന് തീരുമാനിച്ചത് സംഘടനകളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്.
റിപ്പോർട്ടിലെ ശുപാർശകൾ നിയമപരമായടക്കം പരിശോധിക്കുകയും പഠിക്കുകയും വേണം. പരാതി ലഭിച്ചാൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും. വനിതകളുടെ പ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. റിപ്പോർട്ട് വായിച്ചിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു. വായിച്ചത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.