ആലപ്പുഴയില്‍ പതിനാലുകാരന്റെ കണ്ണ് അയല്‍വാസി അടിച്ചു തകര്‍ത്തു

 

ആലപ്പുഴ: പല്ലനയില്‍ പതിനാലുകാരന്റെ കണ്ണ് അയല്‍വാസിയായ 60കാരന്‍ തല്ലിത്തകര്‍ത്തു. പല്ലന സ്വദേശി അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാറിനെയാണ് അയല്‍വാസിയായ ശാര്‍ങ്ഗധരന്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ കണ്ണിന് സാരമായ പരിക്കേല്‍ക്കുകയായിരുന്നു. തന്റേ പേരക്കുട്ടികളെ കളിക്കാന്‍ ഒപ്പം കൂട്ടിയതിനാണ് ശാര്‍ങ്ഗധരന്‍ മര്‍ദ്ദിച്ചതെന്ന് അരുണ്‍ പറഞ്ഞു. കാഴ്ചയെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വിശദമായി പരിശോധിക്കും.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ ശാര്‍ങ്ഗധരന്‍ എത്തി തന്റെ പേരക്കുട്ടികളെ വഴക്കു പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീണ്ടും എത്തിയ ഇയാള്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന സാധനങ്ങള്‍ എടുത്തു. ഇവ തിരികെ വേണമെന്ന് അരുണ്‍ ആവശ്യപ്പെട്ടപ്പോഴാണ് മര്‍ദ്ദനം. അരുണ്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ കണ്ണിന് പരിക്കേല്‍ക്കുകയായിരുന്നു.

വീട്ടിലേക്ക് ഓടിയെത്തിയ അരുണിന്റെ കണ്ണ് കണ്ട് പിതാവ് അനില്‍കുമാര്‍ കാര്യം തിരക്കിയപ്പോഴാണ് മര്‍ദ്ദിച്ചതായി കുട്ടി പറഞ്ഞത്. കുട്ടിയെ ഉടന്‍ തന്നെ ഹരിപ്പാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇവിടെ നിന്ന് വണ്ടാനത്തേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ല. പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്ന് അനില്‍കുമാര്‍ പറഞ്ഞു.

ഇടതു കണ്ണിന്റഎ കൃഷ്ണമണിക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്ക് ഗുരുതരമായതിനാല്‍ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്നാണ് ആശങ്ക. വിശദമായ പരിശോധയ്ക്ക് ശേഷം പരാതി നല്‍കുമെന്ന് പിതാവ് അറിയിച്ചു.