ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ രണ്ടാം പ്രതി ജോസഫിന് ജാമ്യം

 

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ രണ്ടാം പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന് ജാമ്യം. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, 37,500 രൂപ ബോണ്ട് ആയി കോടതിയില്‍ കെട്ടിവെക്കണം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. ജോസഫിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് പൂര്‍ത്തിയായിരുന്നു.

ഇതോടെ കേസില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിലാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്. ഇന്ധന വിലവര്‍ദ്ധനയ്ക്ക് എതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് ജോജുവിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത്.

വാഹനത്തിന്റെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ജോജുവിനെതിരെ കോണ്‍ഗ്രസ് നല്‍കിയ കേസുകള്‍ അടിസ്ഥാനമില്ലാത്തതിനാല്‍ പോലീസ് തള്ളിയിരുന്നു. അതേസമയം മാസ്‌ക് ഇടാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയെന്ന പരാതിയില്‍ ജോജുവിന് എതിരെ കേസെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാനാണ് പരാതി നല്‍കിയത്.