മണി വധക്കേസ്: ഒന്നും നാലും പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

ബി.ജെ.പി പ്രവർത്തകനായിരുന്ന കൊല്ലങ്കോട് സ്വദേശി മണി കൊല്ലപ്പെട്ട കേസിൽ ഒന്നും നാലും പ്രതികൾക്ക് ഇരട്ട ജീവപര്യന്തം.
 

 

പാലക്കാട്: ബി.ജെ.പി പ്രവർത്തകനായിരുന്ന കൊല്ലങ്കോട് സ്വദേശി മണി കൊല്ലപ്പെട്ട കേസിൽ ഒന്നും നാലും പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. ഒന്നാം പ്രതി മുഹമ്മദ് ഷെരീഫിനും (41), നാലാം പ്രതി സെയ്ത് ഹബീബ്‌കോയ തങ്ങൾക്കുമാണ് (49) പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കേരളത്തിൽ തീവ്രവാദ സംഘടനയായ അൽ ഉമ്മ ബന്ധം സ്ഥിരീകരിച്ച ആദ്യകേസാണിത്.

പ്രതികൾ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി. പ്രതികൾ രണ്ട്‌ലക്ഷത്തി പതിനായിരം രൂപ പിഴയും ഒടുക്കണം. പിഴത്തുക മണിയുടെ ഭാര്യ സത്യഭാമക്ക് നൽകാൻ ജഡ്ജി കെ.ആർ. മധുകുമാർ ഉത്തരവിട്ടു. കേസിൽ ഹാജരാകാതിരുന്ന രണ്ടും മൂന്നും പ്രതികളായ സെയ്ദലവി അബ്ദുൾഖാദർ എന്നിവർക്കെതിരെ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ചാം പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ആലത്തൂർ ഡിവൈ.എസ്.പി. അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് പൂർത്തിയാക്കിയത്.

1996 സെപ്തംബർ 13ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. നായാട്ടിനെന്ന വ്യാജേന മണിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതി പളനി ബാബ, ടാഡ കേസിൽ ഉൾപ്പെട്ട തീവ്രവാദ ബന്ധമുള്ള മറ്റുചില പ്രതികൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കൊല്ലങ്കോട് സ്വദേശി ഷംസുദ്ദീന്റെ കൊലപാതകത്തിന് പകരമായിട്ടാണ് മണിയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇത് കോടതി നേരത്തെ ശരിവച്ചിരുന്നു.