മാലിന്യ സംഭരണത്തിന് കെഎസ്ആര്‍ടിസി? പ്രതിഷേധവുമായി യൂണിയനുകള്‍ രംഗത്ത്

 
മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കാമെന്ന ശുപാര്‍ശയില്‍ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍

മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കാമെന്ന ശുപാര്‍ശയില്‍ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ തദ്ദേശസ്വയംഭരണ വകുപ്പിന് അയച്ച ശുപാര്‍ശയിലാണ് പ്രതിഷേധം. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസുകള്‍ നല്‍കാമെന്നും ഡ്രൈവര്‍മാരെയും ഇതിനായി വിട്ടു നല്‍കാമെന്നുമായിരുന്നു ശുപാര്‍ശ. കോര്‍പറേഷന് അധിക വരുമാനം ലക്ഷ്യമിട്ടായിരുന്നു ഇത്.

എന്നാല്‍ ഡ്രൈവര്‍മാരെ നിയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകള്‍ രംഗത്തെത്തുകയായിരുന്നു. പിഎസ് സി പരീക്ഷ ഉള്‍പ്പെടെയുള്ള കടമ്പകള്‍ കടന്ന് നിയമിതരാകുന്ന ഡ്രൈവര്‍മാരെ മാലിന്യ സംഭരണത്തിന് ഉപയോഗിക്കുന്നത് ന്യായമല്ലെന്ന് യൂണിയനുകള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എംഡിക്ക് യൂണിയനുകള്‍ കത്തയച്ചു.

ഇതര മാര്‍ഗ്ഗങ്ങളിലൂടെ വരുമാനം ഉണ്ടാക്കാനുള്ള ഒരു ശുപാര്‍ശ മാത്രമായിരുന്നു ഇതെന്നും അന്തിമ തീരുമാനം ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടില്ലെന്നും ഡോ.ബിജു പ്രഭാകര്‍ പ്രതികരിച്ചു. കെഎസ്ആര്‍ടിസിയുടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു.