ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായി; 14കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Nov 17, 2021, 12:15 IST
വീണ്ടും ജീവനെടുത്ത് ഓണ്‍ലൈന്‍ ഗെയിം. പണം നഷ്ടമായ മനോവിഷമത്തില്‍ വീടുവിട്ട 14കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശിനെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ചൊവ്വാഴ്ച വൈകിട്ട് മുതല്‍ കാണാതായിരുന്നു.
ബന്ധുക്കള്‍ നല്‍കിയ പരാതി അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് കുളത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായതിനാല്‍ വീട്ടുകാര്‍ വഴക്കു പറയുമെന്ന് ഭയന്നാണ് ആകാശ് വീടുവിട്ട് ഇറങ്ങിയതെന്ന് കരുതുന്നു.