അക്ഷരങ്ങളിലൂടെയുള്ള പ്രണയം, അക്ഷരങ്ങളോടുള്ള പ്രണയം; ബോചെ പ്രണയ ലേഖന മത്സരം

 

വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് പ്രണയ ലേഖന മത്സരം ഒരുക്കി ഡോ. ബോബി ചെമ്മണൂര്‍. അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം എന്ന ശീര്‍ഷകങ്ങളിലാണ് മത്സരം. വി.കെ.ശ്രീരാമന്‍, റഫീക്ക് അഹമ്മദ്, ഹരി നാരായണന്‍, ഗ.ജ. സുധീര, ശ്രുതി സിത്താര, ആര്യ ഗോപി, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് വിജയിയെ കണ്ടെത്തുന്ന പാനല്‍. വായനാ ശീലം അന്യമായതോടെ നല്ല നല്ല വാക്കുകളും ഭാഷയും യുവതലമുറക്കിടയില്‍ വരണ്ടുണങ്ങുകയാണ്. പുതിയ തലമുറ അക്ഷരങ്ങളിലൂടെയുള്ള പ്രണയം നഷ്ടപ്പെടുത്തുന്ന ഈ കാലഘട്ടത്തില്‍ അക്ഷരങ്ങളെ പ്രണയിപ്പിക്കുക എന്ന കര്‍ത്തവ്യം നാം ഏറ്റെടുത്തേ മതിയാവൂ എന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു.

വാലന്റൈന്‍സ് ദിനത്തിന് മുന്നോടിയായാണ് പ്രണയിതാക്കള്‍ക്കും, സാങ്കല്‍പ്പിക പ്രണയിതാക്കള്‍ക്കും വേണ്ടി പ്രണയലേഖന മത്സരം നടത്തുന്നത്. അതിന് മുന്നോടിയായി വരുന്ന അഞ്ച് ഞായറാഴ്ചകളില്‍ ആ ആഴ്ചയിലെ 20 നല്ല പ്രണയ ലേഖനങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ സമ്മാനങ്ങള്‍ നല്‍കുന്നു. അങ്ങിനെ അഞ്ച് ആഴ്ചകളിലെ 100 ഓളം വിജയികളില്‍ നിന്ന് വിജയിക്കുന്ന ഒരാള്‍ക്ക് ബംബര്‍ സമ്മാനവും നല്‍കും. ഒന്നും രണ്ടും സ്ഥാനം അര്‍ഹരായവര്‍ക്ക് സ്വര്‍ണ്ണ നാണയം, റോള്‍സ് റോയ്‌സില്‍ പ്രണയിതാക്കള്‍ക്കോ, അവരുടെ ഫാമിലിക്കോ ആഢംബര യാത്ര, മറ്റ് പതിനെട്ട് പേര്‍ക്കും ഓക്‌സിജന്‍ റിസോട്ടുകളില്‍ ഒരു ദിവസത്തെ താമസം, കൂടാതെ ബംബര്‍ വിജയിക്കും ഫാമിലിക്കും മൂന്നാറില്‍ ഒരു ദിനത്തിന് 25000 രൂപ വരുന്ന കാരവന്‍ യാത്രയും, താമസവും, ഭക്ഷണവും സൗജന്യമായി നല്‍കുമെന്നും ബോബി ചെമ്മണൂര്‍ അറിയിച്ചു.

തന്റെ ഹൃദയത്തിലെ പ്രണയിനിയോട് പ്രണയം കൈമാറുന്ന പ്രണയ ലേഖനമുള്‍പ്പെടെ 101 പ്രണയ ലേഖനങ്ങള്‍ ഒരു പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയാണെന്നും ബോബി ചെമ്മണൂര്‍ കൂട്ടിച്ചേര്‍ത്തു. ജനുവരി 17 ന് തൃശൂര്‍ ജില്ലയിലെ പാവറട്ടി പോസ്റ്റാഫീസില്‍ വിവിധ സാഹിത്യനായകന്മാരുടെ അകമ്പടിയോടെ തന്റെ ഹൃദയത്തില്‍ നിന്നു ഉതിര്‍ന്ന് വീണ അക്ഷരങ്ങളെ എഴുത്ത് രൂപേണയാക്കി, ജീവിതത്തില്‍ ഒന്നിക്കാന്‍ കഴിയാത്ത, മലയാളികള്‍ക്ക് വളരെ സുപരിചതയായ, താന്‍ പ്രണയിക്കുന്ന തന്റെ പ്രണയിനിയുടെ മേല്‍വിലാസത്തില്‍ ഹൃദയരക്തം പോലെ ചുവന്ന ആ തപാല്‍ ബോക്‌സില്‍ നിക്ഷേപിക്കുമെന്നും തുടര്‍ന്ന് ആ കെട്ടിടത്തില്‍ തന്നെ അക്ഷരങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള ഈ പരിപാടിയുടെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിക്കപ്പെടുമെന്നും ബോബി ചെമ്മണൂര്‍ വ്യക്തമാക്കി.

പ്രേമലേഖനങ്ങള്‍ അയക്കേണ്ട മേല്‍ വിലാസം:
ബോചെ (ഡോ :ബോബി ചെമ്മണൂര്‍),P.B. NO 43, തൃശൂര്‍, പിന്‍ - 680001