മരണത്തിന് പിന്നില്‍ മാനസികവും ശാരീരികവുമായ പീഡനം; സുനിഷയുടെ ആത്മഹത്യയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

 

പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് സുനിഷ ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ഇ പ്രേമചന്ദ്രന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് 300ലേറെ പേജുകളുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 29നാണ് സുനിഷയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പയ്യന്നൂര്‍ കോറോം സ്വദേശിനിയായ സുനിഷയും വിജീഷും ഒന്നര വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. വിജീഷിന്റെ അച്ഛനും അമ്മയും സുനിഷയെ ശാരീരികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി പോലീസ് കണ്ടെത്തി. മാനസിക പീഡനവും ഇവരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് സുനിഷ ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തല്‍.

ഭര്‍ത്താവിന്റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഭര്‍ത്താവ് വിജീഷനെയും അയാളുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭര്‍ത്തൃവീട്ടുകാരുടെ മര്‍ദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയുമാണ് പുറത്തു വന്നത്.