സ്ത്രീവിരുദ്ധത ഇന്ത്യൻസമൂഹത്തിന്റെ മുഖമുദ്ര,ഹേമകമ്മിറ്റി റിപ്പോർട്ടിൽ വെളിവായത് ഈ ജീർണത- MV ഗോവിന്ദൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ പ്രധാന ഉത്തരവാദിത്വമാണെന്നും സർക്കാർ ഫലപ്രദമായ ഇടപെടലുകളിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയുടെ സാങ്കേതികമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടുകൂടിയാണ് പൊതുജനങ്ങളുടെ മുന്നിലേക്ക് റിപ്പോർട്ട് എത്തിയിരിക്കുന്നതെന്ന് ഗോവിന്ദൻ ഗോവിന്ദൻ വ്യക്തമാക്കി. 'പുരുഷമേധാവിത്വമാണ് ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഫ്യൂഡൽ ജീർണത അവസാനിക്കാത്ത, ജനാധിപത്യ സംവിധാനത്തിലേക്ക് പൂർണമായും എത്തിച്ചേരാത്ത ഒരു സമൂഹമാണിത്. ഈ ജീർണത മുഴുവൻ പ്രതിഫലിക്കുന്ന ഒന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി കാണാൻ കഴിയുന്നത്. സ്ത്രീ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുക', അദ്ദേഹം പറഞ്ഞു.
സ്ത്രീവിരുദ്ധതയാണ് ഇന്ത്യൻ സമൂഹത്തിന്റെ മുഖമുദ്രയെന്നും പടിപടിയായി ജനാധിപത്യവത്കരണത്തിലേക്കുള്ള നീക്കം ഉണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം, ആര് വിചാരിച്ചാലും അത് തടഞ്ഞുവെക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.